പുതുക്കാട്: ജോലിക്കെത്തി ദിവസങ്ങൾക്കകം വിശ്വസ്തനായി, നെല്ലായിയിലെ ഗോപിയുടെ സ്ഥാപനത്തിലെ ജോലിക്കാരനായ ആനന്ദകുമാർ ഗോസ്വാമി. വൈകിട്ട് അഞ്ചോടെ മറ്റ് ജീവനക്കാർ പോവും. പിന്നെ സ്ഥാപനം അടയ്ക്കുന്നതുവരെ ഗോപിക്ക് കൂട്ട് ആനന്ദകുമാറാണ്. ആനന്ദകുമാറിന്റെ നാട്ടുകാരനും സുഹൃത്തുമാണ് ബിം സോനകുമാർ. ഇയാൾ ഇടയ്ക്ക് ആനന്ദകുമാറിനെ കാണാനെത്താറുണ്ട്. കട പൂട്ടി ഗോപി വീട്ടിൽ പോവുമ്പോൾ കടയിലെ പണം ബാഗിലാക്കി കൊണ്ടുപോകുന്നത് ആനന്ദകുമാർ കാണാറുണ്ട്. സംഭവം നടന്ന ശനിയാഴ്ച ബീം സോനകുമാർ നേരത്തെ തന്നെ നെല്ലായിൽ സുഹൃത്തിന്റെ അടുത്തെത്തിയിരുന്നു. ഇരുവരും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് ഗോപിയെ ആക്രമിച്ച് പണം കവരാനുള്ള പദ്ധതി. ഇതിനായാണ് ഞങ്ങൾ പുതുക്കാട്ടേക്കുണ്ടെന്ന് പറഞ്ഞ് ഗോപിയുടെ കാറിൽ കയറിയത്. കാർ അൽപ്പ ദൂരം മുന്നോട്ട് പോയപ്പോഴക്കും വിജനമായ സ്ഥലമായി. പിന്നെ സമയം പാഴാക്കാതെ കാറിന്റെ പുറകിലിരുന്ന ഇരുവരും പദ്ധതി നടപ്പിലാക്കി. കയ്യിൽ ഒളിച്ച് കരുതിയ കത്തി എടുത്ത് ഭീംസോന കുമാർ ഗോപിയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ ഗോപിക്ക് ഒന്നും ചെയ്യാനായില്ല. ഇതിനിടെ കാർ നിറുത്തി ഗോപി ചെറുക്കാൻ ശ്രമിച്ചപ്പോഴക്കും കുത്തേറ്റു. നിമിഷങ്ങൾക്കകം പണവുമെടുത്ത് ഇരുവരും കാറിൽ നിന്നിറങ്ങി പാടം വഴി ഓടി റെയിൽവേ ട്രാക്കിലെത്തി. ട്രാക്ക് വഴി നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി.
സംഭവം അറിഞ്ഞ ഉടനെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. ഗോപിയിൽ നിന്നും വിവരങ്ങൾ തിരക്കി അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതികൾ ട്രെയിൻ കയറിയിരുന്നു. ബാംഗ്‌ളൂളൂരിൽ വച്ച് ഇരുവരും പിടിയിലായപ്പോൾ ഞെട്ടിയതും പ്രതികളാണ്. വിശ്വസ്തനായി അഭിനയിക്കുകയായിരുന്നു ആനന്ദകുമാർ. ഗോപിയുടെ കൈവശം പത്ത് ലക്ഷം രൂപ ഉണ്ടാവുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ.
അന്യസംസ്ഥാന തൊഴിലാളികളെ വിശ്വസ്തരായി കൊണ്ടു നടക്കുന്നവർക്ക് ഒരു പാഠമാണ് സംഭവം. അന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് എ.എസ്.ഐ: മൂസ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ്. ബൈജു കിഷോർ, ലിജോൺ, റെനീഷ്, ഷിജുമേൻ, സി.പി.ഒ: ബിനു, കൊടകര സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ അനൂപ്, ഷിബു, എ.എസ്.ഐ: റെജിമോൻ, സീനിയർ സി.പി.ഒ:മാരായ എം.എസ്. ബൈജു, കിഷോർ, ലിജോൺ, റെനീഷ്, ഷിജുമേൻ, സി.പി.ഒ: ബിനു എന്നിവരായിരുന്നു ഉണ്ടായിരുന്നത്.