 
തൃപ്രയാർ: സംസ്‌കാരം എന്നും ഫാസിസത്തിന്റെ ശത്രുവെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചുള്ളിക്കാട്. സംസ്‌കാരം എന്നു കേട്ടാൽ തോക്കെടുക്കും എന്നുപറഞ്ഞ ഹിറ്റ്‌ലറിന്റെ നയങ്ങൾ പിന്തുടരുകയാണ് കേന്ദ്ര സർക്കാർ.
ഇന്ത്യയിൽ നടക്കുന്ന ജാതീയത മനുസ്മൃതി നെഞ്ചേറ്റുന്ന ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാരിന്റെ നയമാണ്. സമൂഹത്തെയും ഭാവിതലമുറകളെയും വഴിതിരിച്ച് ചാതുർവർണ്യ വ്യവസ്ഥയിലുള്ള ഹിന്ദുരാഷ്ട്ര നിർമ്മാണമാണ് ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നതെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എം. സ്വർണലത ടീച്ചർ അദ്ധ്യക്ഷയായി. ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, അഡ്വ. ടി.ആർ. രമേശ്കുമാർ, കെ.പി. സന്ദീപ് എന്നിവർ പങ്കെടുത്തു.