കൊടുങ്ങല്ലൂരിൽ എക്‌സൈസ് ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധ കർശനമാക്കി
കൊടുങ്ങല്ലൂർ: ഓണം പ്രമാണിച്ച് കൊടുങ്ങല്ലൂരിൽ വാഹന പരിശോധന ഊർജിതമാക്കി എക്‌സൈസ് സംഘം. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം ആരംഭിച്ചു. രാത്രികാല വാഹന പരിശോധനകളും ആരംഭിച്ചു. മുൻകാല കേസുകളിൽ ഉൾപ്പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിനും ഷാഡോ ടീമുകൾ സജ്ജമാക്കി.
മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനാവശ്യമായ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവ് പരിശോധകളും വ്യാപകമായി തുടരുന്നുണ്ട്. മയക്കുമരുന്ന് കേസുകളും മയക്കുമരുന്നമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നത് എക്‌സൈസിന് തലവേദന സൃഷ്ടിച്ചിരുന്നു.
കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ തുടങ്ങിയവ യുവാക്കൾക്കിടയിൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി ഉത്പന്നങ്ങൾ കൂടുതലും വരുന്നതെന്ന് പൊലീസ് പറയുന്നു. ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവരെ കണ്ടെത്തിയാൽ 8547183616 എന്ന നമ്പറിൽ അറിയിക്കണമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാംനാഥ് പറഞ്ഞു.