ഇഞ്ചക്കുണ്ട്: പരുന്തുപാറയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനകളെ തുരുത്തുന്നതിനിടെ വീണ് വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ വനപാലകർക്കൊപ്പം എത്തിയ താത്കാലിക വാച്ചർ ചെമ്പൂച്ചിറ വെട്ടിയാട്ടിൽ അരുൺകുമാറിനാണ് പാറക്കെട്ടിൽ വീണ് പരിക്കേറ്റത്. ഇദ്ദേഹം മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരുന്തുപാറയിലെ കൃഷിത്തോട്ടത്തിലിറങ്ങിയ കാട്ടാനകൾ 25 ഓളം റബർ മരങ്ങൾ നശിപ്പിച്ചു. 10 ഓളം ആനകളാണ് കൃഷി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയത്. ഞെരിഞ്ഞംപിള്ളി വർഗീസ്, തെക്കേ കൈതക്കൽ ഈനാശു, ഖാലിദ് പോത്താഞ്ചേരി, ഹംസ പോത്തഞ്ചേരി, അസീസ് കാരികുളം, ചാക്കോ തുരുത്തിക്കര, മേരി പുല്ലംതാന്നിക്കൽ, ആന്റണി തെക്കേകൈതക്കൽ എന്നിവരുടെ പറമ്പുകളിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്.