പാവറട്ടി: എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ച് 2 മാസം പിന്നിട്ടിട്ടും കുട്ടികൾക്ക് എസ്.എസ്.എൽ.സി ബുക്ക് വിതരണം ചെയ്യാത്തതിൽ കെ.പി.എസ്.ടി.എ മുല്ലശ്ശേരി ഉപജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുട്ടികൾക്ക് തുടർ പഠനവുമായി ബന്ധപ്പെട്ട് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഹാജരാക്കുന്നതിനോ ജാതി, വിലാസം എന്നിവ തെളിയിക്കുന്നതിനോ ഉള്ള ആധികാരിക രേഖ എന്ന നിലയിൽ എസ്.എസ്.എൽ.സി.ബുക്ക് ഹാജരാക്കാൻ കഴിയുന്നില്ല. മാർക്ക് ബുക്കിന്റെ കാര്യം പറയുമ്പോഴെല്ലം ഇപ്പ ശരിയാക്കിത്തരാം എന്ന മറുപടിയും ചില സൈറ്റുകളുടെ പേരും പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. ആയതിനാൽ മാർക്ക് ബുക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് ബോബി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ.ആർ. അജിത് പ്രസാദ്, ടി.യു. ജെയ്‌സൺ, ജിൽസൺ തോമാസ്, കെ.ജെ. ബാബു, ഡൊമിനിക് സാവിയോ, കെ.എൽ. സോഫി എന്നിവർ പ്രസംഗിച്ചു.