
ചാലക്കുടി: സോളാർ കേസിൽ ആദ്യ പരാതിക്കാരനായ സി.എൽ.ആന്റോയുടെ മൊഴിയെടുക്കാൻ രണ്ടാം തവണയും സി.ബി.ഐ സംഘമെത്തി. ചാലക്കുടി ഐ.ക്യു റോഡിലെ വസതിയിൽ ഇന്നലെ രാവിലെ മൂന്ന് ഉദ്യോഗസ്ഥർ ആന്റോയുടെ മൊഴിയെടുത്തു.
രണ്ട് വർഷം മുൻപും ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങളെടുത്തിരുന്നു. 2011 ജൂലായ് ഒന്നിനാണ് പതിനാറായിരം കോടിയുടെ സോളാർ പ്രൊജക്ട് സി.എൽ.ആന്റോ, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന് സമർപ്പിച്ചത്. സോളാറിൽ നിന്ന് വൈദ്യുതിയുണ്ടാക്കലായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം, ഇതിലൂടെ വൈദ്യുതി എന്നിവയും 224 പേജുള്ള പ്രൊജക്ട് റിപ്പോട്ടിലുണ്ടായിരുന്നു.
ഇതിൽ നിന്ന് വിവരം ചോർത്തി, ഐ.എ.എസ് ഉദ്യോഗസ്ഥർ മറ്റൊരു മേൽവിലാസത്തിൽ പദ്ധതി ആരംഭിച്ചെന്നാണ് ആന്റോ പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്.
ഇതിൽ മന്ത്രിമാർക്കും പങ്കുണ്ടായിരുന്നുവെന്നും സർക്കാർ ഏജൻസിയായ അനെർട്ടിനെ മറയാക്കി, സരിതാ നായരാണ് പദ്ധതി നടപ്പാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ആഗോള ടെൻഡർ ക്ഷണിച്ചപ്പോൾ തന്റെ ന്യൂസ്‌കോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഒന്നാമതെത്തിയതെന്നും ഇതെല്ലാം അട്ടിമറിച്ചാണ് മറ്റൊരു പേരിൽ പദ്ധതി നടപ്പാക്കിയതെന്നും സി.എൽ.ആന്റോ പറഞ്ഞു.
പിന്നീട് സംസ്ഥാനത്ത് കത്തിപ്പടർന്ന സോളാർ സമരത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ ചുമതലപ്പെടുത്തി. എന്നാൽ ആന്റോയുടെ പരാതിയിൽ നടപടിയുണ്ടായില്ല. ഹൈക്കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചത്.