ചാലക്കുടി: 66-ാമത് സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം 25 മുതൽ 30 വരെ മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെയും വൈകിട്ടുമാണ് മത്സരങ്ങൾ. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ, ചാലക്കുടി ക്രിസന്റ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ കോർട്ടുകളിലും മത്സരങ്ങൾ നടക്കും. 25ന് രാവിലെ 10 ന് മത്സരങ്ങൾ ആരംഭിക്കും. 26ന് ഉച്ചയ്ക്ക് 2 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷൻ എബി ജോർജ് അദ്ധ്യക്ഷത വഹിക്കും. കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ മുഖ്യാതിഥിയായിരിക്കും.
14 ജില്ലകളിൽ നിന്നും പുരുഷ, വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ദേശീയ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. അന്തർദേശീയ താരങ്ങളായ സ്റ്റെഫി നിക്‌സൺ, ജീന സക്കറിയ, അനീഷ് ക്ലീറ്റസ്, ശ്രീകല, നിമ്മി ജോർജ്, ഗിമ മെർലിൻ, സെജീൻ മാത്യു, യൂട്രിക് പെരേര, പ്രണവ് പ്രിൻസ്, ഇന്ത്യ നെൽസൺ, ഗ്രിഗോ വർഗീസ്, ആന്റണി ജോൺസൺ എന്നിവർക്കൊപ്പം അനേകം ദേശീയ, സംസ്ഥാന താരങ്ങളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജില്ലാ ബാസ്‌കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് പി.ജെ. സണ്ണി, ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പി.സി. ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.