 
വടക്കാഞ്ചേരി: ഒരു മാസമായി വടക്കാഞ്ചേരിയിലെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളെ അവയുടെ വാസസ്ഥലമായ കാട്ടിലേക്ക് വിട്ടയച്ചു. ആറ്റൂരിലെ അസുരൻകുണ്ട് ഭാഗത്തെ വനത്തിലാണ് പക്ഷികളെ പറത്തിവിട്ടത്. വെട്ടിക്കാട്ടിരി ഭാഗത്തുള്ള മരച്ചില്ലകളിൽ കൂടുകൂട്ടി കഴിഞ്ഞിരുന്ന പക്ഷിക്കൂട്ടങ്ങൾ മരങ്ങൾ മുറിച്ചു മാറ്റിയതോടെ പറന്നുപോയി. ഇവയുടെ പറക്കാൻ കഴിയാത്ത കുഞ്ഞുങ്ങളും മുട്ടകളും നിലത്തുവീണിരുന്നു. ഈ കുഞ്ഞുങ്ങളെ വനംവകുപ്പ് അധികൃതൽ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പറക്കാറായ ഇവയെ വനംവകുപ്പ് അധികൃതരും നാച്ചുറൽ ക്ലബ് സംസ്ഥാന പ്രസിഡന്റ് അബ്ദുൾ സലാമും ചേർന്നാണ് വനത്തിലേക്ക് വിട്ടയച്ചത്.