മാള: കെ. കരുണാകരൻ സ്മാരക ഇൻഡോർ സ്റ്റേഡിയം വേണ്ടെന്ന് വച്ചിട്ടും ബോർഡ് നീക്കാത്തതിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കായിക യുവജനകാര്യ വകുപ്പ് നീക്കി. പഞ്ചായത്തിന്റെ കീഴിലുള്ള യഹൂദ സെമിത്തേരിയുടെ സ്ഥലത്താണ് കെ. കരുണാകരൻ സ്മാരക ഇൻ‌ഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നത്.

2017 മുതൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരകമാണ് യഹൂദ സെമിത്തേരി. തുടർസംരക്ഷണം മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കരുണാകരന് ഉചിതമായ സ്മാരകം വേണമെന്ന മുറവിളിയെ തുടർന്ന് 2013 മുതൽ ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് ആലോചന തുടങ്ങി.

ഇസ്രായേൽ സർക്കാരും അംബാസഡറും സെമിത്തേരിയിലെ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ രംഗത്തുവന്നു. കേന്ദ്ര - കേരള സർക്കാരുകളോട് ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനവേളയിലും ഇന്ത്യൻ വംശജർ ഇക്കാര്യം സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. തുടർന്നാണ് 2016ൽ പദ്ധതി ഉപേക്ഷിക്കാൻ ധാരണയായത്.

സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി വിധികളുടെയും മറ്റും അടിസ്ഥാനത്തിൽ 2020 ജൂണിലാണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവിട്ടത്. യഹൂദ സെമിത്തേരിയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്ന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി 2022 ഏപ്രിലിൽ ഹൈക്കോടതി തള്ളിയിരുന്നു.

മുസിരിസ് പൈതൃക പദ്ധതിപ്രകാരം യഹൂദ സെമിത്തേരിയിലെ സംരക്ഷണ പ്രവർത്തങ്ങൾക്കു കഴിഞ്ഞ ജൂലായിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. സംരക്ഷിത സ്മാരകത്തിൽ ഉപേക്ഷിച്ച പദ്ധതിയുടെ ബോർഡ് നിലനിറുത്തുന്നതു് കോടതിയലക്ഷ്യമാകുമെന്നതിനാലാണ് ഇത് നീക്കാൻ കായിക വകുപ്പ് തീരുമാനിച്ചത്. ഓഗസ്റ്റ് 27ന് മുൻപ് ബോർഡുകൾ നീക്കിയ കാര്യം കോടതിയെ അറിയിക്കണമെന്നും ഉത്തരവുണ്ടായിരുന്നു.

കരുണാകരൻ സ്മാരകം ഇനിയെവിടെ

മാളയുടെ വികസനത്തിനും മുന്നോട്ടുപോക്കിനും തുണയായി നിന്ന കെ. കരുണാകരന്റെ പേരിൽ സ്മാരകം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ഇനിയെവിടെ സ്മാരകം ഉയരുമെന്നതാണ് പുതിയ ചിന്ത.

മാള വലിയപറമ്പിൽ ആർ.വി.എൽ.പി സ്കൂളിൽ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയതായി അറിയുന്നു. ഈ സ്റ്റേഡിയം കെ. കരുണാകരന്റെ സ്മാരകമായി മാറുമോയെന്നാണ് പലരും നോക്കുന്നത്.

മാളയിൽ എം.എൽ.എ ആയിരുന്ന എ.കെ. ചന്ദ്രന്റെ താത്പര്യപ്രകാരം അന്നത്തെ എൽ.ഡി.എഫ് സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്കാണ് ബഡ്ജറ്റിൽ വകയിരുത്തി മാള കെ. കരുണാകരൻ സ്മാരക സ്‌റ്റേഡിയത്തിന് തുടക്കമിട്ടത്.