തൃശൂർ: ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് എന്ന സന്ദേശവുമായി രാജ്യങ്ങൾക്കിടയിൽ സൗഹാർദ്ദം വളർത്താൻ ലണ്ടനിലേക്കുള്ള സൈക്കിൾ യാത്ര തൃശൂരിലെത്തി. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷറഫ് അലിയാണ് 35 രാജ്യങ്ങൾ സൈക്കിളിൽ താണ്ടുന്നത്. 450 ദിവസം കൊണ്ട് മുപ്പതിനായിരത്തോളം കിലോമീറ്ററാണ് ഫായിസ് പിന്നിടുന്നത്. സ്വാതന്ത്ര്യദിനത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് യാത്രയ്ക്ക് പച്ചക്കൊടി വീശിയത്. സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ ഫായിസിന് സ്വീകരണം നൽകി. കുട്ടികളുമായി യാത്രയുടെ സന്ദേശത്തെക്കുറിച്ച് സംവദിക്കുകയും ചെയ്തു. 2024 മാർച്ചിൽ ലണ്ടനിൽ എത്തുമെന്നാണ് കരുതുന്നത്. ഒരു ദിവസം 80 മുതൽ 100 കിലോമീറ്റർ വരെയാണ് സഞ്ചാരം. വിപ്രോയിലെ എൻജിനീയർ ജോലി രാജിവച്ചാണ് മുപ്പത്തിനാലുകാരനായ ഫായിസ് യാത്രയ്ക്കിറങ്ങിയത്. യു.എ.ഇ. സ്ഥാനമായ പാരാജോൺ കമ്പനി സമ്മാനിച്ച രണ്ടരലക്ഷം രൂപ വിലവരുന്ന സൈക്കിളിലാണ് യാത്ര. വിസ ലഭിക്കാത്തതിനാൽ പാകിസ്താനും ചൈനയും റൂട്ടിൽ നിന്ന് ഒഴിവാക്കി. ഇക്കാരണത്താൽ മുംബൈയിൽ നിന്ന് വിമാനത്തിലാണ് ഒമാനിലെത്തുക. തുടർന്ന് സൈക്കിൾയാത്ര തുടരും. ഇക്കോ വീലേഴ്‌സിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടയാണ് യാത്ര. ലോകസമാധാനം, ആരോഗ്യസംരക്ഷണം, സീറോ കാർബൺ ബഹിർഗമനം തുടങ്ങിയ സന്ദേശങ്ങളും യാത്ര മുന്നോട്ടു വയ്ക്കുന്നു. 2019ൽ കോഴിക്കോട് നിന്ന് 104 ദിവസം കൊണ്ട് നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലാൻഡ്, മലേഷ്യ വഴി 8000 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെത്തിയതാണ് ആദ്യ ദീർഘദൂര സൈക്കിൾയാത്ര. തലക്കുളത്തൂർ തച്ചേരിവളപ്പിൽ പരേതനായ അഷ്‌റഫിന്റേയും ഫൗസിയയുടേയും മകനാണ്. ഡോ. അസ്മിനാണ് ഭാര്യ. രണ്ടു മക്കളുണ്ട്. യാത്ര ഇന്ന് പാലക്കാട് എത്തും.