കൊടുങ്ങല്ലൂർ: നഗരസഭാ കൗൺസിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക് പോര്. ആറാം വാർഡിലെ കാവിൽ കടവ് പുലപ്പാടം റോഡിന് സമാന്തരമായി ഒഴുകുന്ന തോടിനു കുറുകെ സഹൃദയ ക്ലബ്ബിന് സമീപത്തുള്ള കൽവെർട്ട് സ്വകാര്യ വ്യക്തി പൊളിച്ച് സ്റ്റീൽ ഹാൻഡ് റെയിൽ തകർത്ത സംഭവമാണ് ഇന്നലെ നടന്ന കൗൺസിലിൽ വാക്പോരിന് കാരണമായത്.
ഭരണ പ്രതിപക്ഷ ബഹളത്തിനൊടുവിൽ കൈയേറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനിയറും ഓവർസിയറും നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പരാതിയിൽ ആറാം വാർഡ് കൗൺസിലറുടെ അനുവാദത്തോടെയാണ് കൈയേറ്റം നടത്തിയിരിക്കുന്നതെന്ന പരാതിയിലെ ആക്ഷേപം അജണ്ടയിൽ ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ച് രംഗത്തെത്തിയതാണ് വാക്‌പോരിന് കാരണമായത്. എന്നാൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അജണ്ടയിൽ ഉന്നയിച്ചതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം.
പരാമർശം പിൻവലിക്കാതെ തീരുമാനം അംഗീകരിക്കില്ലെന്ന് ആദ്യഘട്ടത്തിൽ ബി.ജെ.പി കൗൺസിലന്മാർ ആവശ്യപ്പെട്ടെങ്കിലും പിന്നീട് സെക്രട്ടറിയുടെ വിശദീകരണത്തിലും വൈസ് ചെയർമാന്റെ നിർദ്ദേശത്തിലും അജണ്ടയിലെ പരാമർശം പിൻവലിക്കാതെ തന്നെ കൈയ്യേറ്റത്തിൽ കർശന നിലപാട് സ്വീകരിക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
വാർഡ് കൗൺസിലറുടെ വീടിന് സമീപത്താണ് കൈയേറ്റം നടന്നതെന്ന് വൈസ് ചെയർമാന്റെ പരാമർശവും തർക്കത്തിന് കാരണമായി. ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, അഡ്വ. വി.എസ്. ദിനൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ , ഒ.എൻ. ജയദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.