paval1

തൃശൂർ: അച്ഛന് കൃഷിപണിയെടുക്കാൻ കഴിയതെ വന്നപ്പോൾ, സ്വയം അതേറ്റെടുത്ത പ്ളസ് ടുക്കാരൻ ഓണ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. പീച്ചി ചെന്നായ്പ്പാറയിലെ അതുലിന് കൃഷിയിലെ കണക്കുകൂട്ടൽ തെറ്റിയില്ല.

രണ്ടേക്കർ പുരയിടത്തിൽ അച്ഛൻ മോഹൻദാസിനൊപ്പം ചെറുപ്പം മുതൽ പുല്ലു പറിക്കാനും പയർ പൊട്ടിക്കാനുമൊക്കെ കൂടിയിരുന്നു. ഇപ്പോൾ അരയേക്കറിൽ സ്വയം തുടങ്ങിയ പാവൽക്കൃഷിയിൽ 200 കിലോ വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഈ കുട്ടിക്കർഷകൻ. കിലോയ്ക്ക് 30 - 40 രൂപയുണ്ട്. ഓണമാവുമ്പോൾ

കൂടുതൽ വിളവെടുക്കാൻ കഴിയുന്ന തരത്തിലാണ് കൃഷി. അപ്പോൾ മികച്ച വില കിട്ടുകയും ചെയ്യും.

മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന അവാർഡും കഴിഞ്ഞ വർഷം അതുലിനെ തേടി എത്തിയിരുന്നു. പച്ചക്കറിക്കൃഷിക്ക് 22,000 രൂപ ഒറ്റത്തവണ സബ്‌സിഡിയായും സംസ്ഥാന, ജില്ലാ അവാർഡ് തുകയായി 40,000 രൂപയും ലഭിച്ചു. കൃഷി ഭവനിൽ നിന്ന് നടീൽ വസ്തുക്കൾ കൊടുത്ത് വിദ്യാർത്ഥികളെക്കൊണ്ട് കൃഷി ചെയ്യിക്കുന്ന സുഭിക്ഷനഗരം പദ്ധതിയുടെ ഭാഗമായുള്ള 'കൃഷി സഞ്ചയിക'യിൽ അംഗമായതാണ് അതുലിന് അവാർഡിലേക്കുള്ള വഴി തുറന്നത്.

രാമവർമ്മപുരം വി.എച്ച്.എസ്.എസിലെ പ്‌ളസ്ടു വിദ്യാർത്ഥിയായിരുന്നു. പരീക്ഷയിൽ ഇക്കുറി ജയിക്കാനായില്ല. പരീക്ഷ പാസാകാൻ ഗൃഹപാഠം ചെയ്യുന്നതിനൊപ്പം കൃഷിയും. അതാണ് അതുലിന്റെ ഇപ്പോഴത്തെ ജീവിത പാഠം.

രണ്ടു കൊല്ലം മുമ്പ് പിതാവ് മോഹൻദാസിന്റെ കാലിന് അസുഖം പിടിപെട്ടതോടെയാണ് അതുൽ കൃഷിപ്പണിയുടെ മേൽനോട്ടം ഏറ്റെടുത്തത്.

പ്രതികൂല കാലാവസ്ഥ, കായീച്ചശല്യം, ജലസേചനത്തിനുള്ള ബുദ്ധിമുട്ട് എന്നിവയെ അതിജീവിച്ചാണ് കുമ്പളം, ചേന, പയർ, പടവലം, ചീര തുടങ്ങിയവ കൃഷി ചെയ്യുന്നത്. കാട്ടരുവിയിൽ നിന്ന് ഹോസിട്ടും കുടത്തിൽ ചുമന്നുമാണ് നനയ്ക്കുന്നത്. നല്ല സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനാണ് ശ്രമം. എങ്കിലേ അമ്മ സുജാതയ്ക്കും അനുജത്തി ഏഴാം ക്‌ളാസുകാരി അതുല്യയ്ക്കും അച്ഛനും അത്താണിയാകൂവെന്ന് അതുൽ പറയുന്നു.

പാവൽ തരും ലാഭം

ഓണവിള:

700 കിലോ

ഓണവില കിലോയ്ക്ക്:

50 രൂപ

വരുമാനം:

35,000 രൂപ

''കൃഷി ഉപജീവനമാക്കിയ പാവപ്പെട്ട കുടുംബമാണ് അതുലിന്റേത്. കൃഷിപ്പണിക്കും കുടുംബ പരിപാലനത്തിനുമൊപ്പം പഠനവും തുടരണമെന്ന ലക്ഷ്യം മാതൃകാപരമാണ്.

- കവിത, കൃഷി ഓഫീസർ.

വിൽവട്ടം കൃഷിഭവൻ