വടക്കാഞ്ചേരി: മച്ചാട് കരുമത്ര കുടുംമ്പാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സമർപ്പണവും ജന്മനക്ഷത്ര വൃക്ഷപൂജയും 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 8 ന് അന്നദാനത്തിനുള്ള ദ്രവ്യസമർപ്പണം നടത്തും. വൈകിട്ട് ക്ഷേത്രം തന്ത്രി വടക്കേടത്ത് കേശവൻ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ താന്ത്രിക കർമ്മങ്ങൾ നടക്കും. 27ന് രാവിലെ 7.30ന് നവകലശാഭിഷേകം, 8.30ന് ജന്മനക്ഷത്ര വൃക്ഷപൂജ എന്നിവയുണ്ടാകും. രാവിലെ 9.30ന് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സമർപ്പണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിക്കും. ക്ഷേത്രം തന്ത്രി വടക്കേടത്ത് കേശവൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാമൻകുട്ടി പഞ്ചാരത്ത് അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് മെമ്പർ വി.കെ. അയ്യപ്പൻ, സപ്ഷ്യൽ കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. മനോജ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എം.കെ. നിധീഷ്, അസി. എൻജിനീയർ എസ്. ഗോപകുമാർ, അസി. കമ്മിഷണർ കെ.കെ. കല, ദേവസ്വം ഓഫീസർ വി. മുരളീധരൻ എന്നിവർ സംസാരിക്കും. ഉപദേശസമിതി സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ മൂർക്കനാട്ട് നന്ദിയും പറയും. 11.30 മുതൽ പ്രസാദ ഊട്ട് നടത്തും. വൈകിട്ട് 6ന് ക്ഷേത്രനടയിൽ മച്ചാട് രഞ്ജിത്തിന്റെ നേതൃത്വത്തിൽ പാണ്ടിമേളം, 7.30ന് കലാമണ്ഡലം സംഗീത് ചാക്യാരുടെ ചാക്യാർകുത്ത് എന്നിവയുണ്ടാകും. ഭക്തജനങ്ങളുടെ സഹായത്തോടെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമ്മാണം, തിരുമുറ്റം കൃഷ്ണശില പാകൽ, പുതിയ തിടപ്പള്ളി നിർമ്മാണം, ക്ഷേത്രത്തിന്റെ രണ്ട് പുതിയ കവാടങ്ങളുടെ നിർമ്മാണം എന്നിവ പൂർത്തിയാക്കിയത്.