ഗുരുവായൂർ: കള്ള് ചെത്ത് വ്യവസായത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 27, 28 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം നഗരസഭ ടൗൺഹാളിലെ സെക്കുലർ ഹാളിൽ രാവിലെ 10ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സഹദേവൻ, ജില്ലാ സെക്രട്ടറി യു.പി. ജോസഫ് എന്നിവർ സംസാരിക്കും. വൈകിട്ട് നാലിന് ടൗൺ ഹാളിൽ നടക്കുന്ന സെമിനാർ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൻ. അഴകേശൻ (ഐ.എൻ.ടി.യു.സി), ടി.എൻ. രമേശൻ (എ.ഐ.ടി.യു.സി), എൻ.വി. ചന്ദ്രബാബു (സി.ഐ.ടി.യു) എന്നിവർ പങ്കെടുക്കും. കള്ള് ചെത്ത് തൊഴിലാളിക്കുള്ള ലൈസൻസ് നേടിയ ഏക വനിതയായ കണ്ണൂർ കണ്ണവം ഷീജ ജയകുമാറിനെ സമ്മേളനത്തിൽ ആദരിക്കും. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.കെ. വിജയൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജ്, ഉണ്ണി വാറനാട്ട്, ജെയിംസ് ആളൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.