1

തൃശൂർ: ഗവ. മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രിയിൽ കീമോ ഡേ കെയർ സെന്റർ വികസനത്തിനായി 5.25 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. സംസ്ഥാന ബഡ്ജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി തുക വകയിരുത്തിയിരുന്നു.

നിലവിലുള്ള ഡേ കെയർ സെന്റർ കെട്ടിടത്തിൽ രണ്ടുനിലകൾ കൂടി നിർമ്മിക്കുന്നതിനും എല്ലാ നിലകളുടെയും തിരശ്ചീനമായ നിർമ്മാണവുമാണ് പദ്ധതിയിലുള്ളത്. ഈ പ്രവർത്തനം പൂർത്തിയാകുന്നതോടെ ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ 5 നിലകളിലായി ഡേ കെയർ സെന്ററിന്റെ അടിസ്ഥാന സൗകര്യം വർദ്ധിക്കും. മികച്ച സേവനങ്ങൾ നൽകാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
കാൻസർ ശസ്ത്രക്രിയാ വിഭാഗം, കാൻസർ തീവ്രപരിചരണ വിഭാഗം (ഐ.സി.യു), കീമോതെറാപ്പി വിഭാഗം എന്നിവയെല്ലാം ഡേ കെയർ സെന്ററിൽ ഒരു കുടക്കീഴിൽ ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും മേൽനോട്ട ചുമതലയുണ്ടാകും.

മദ്ധ്യകേരളത്തിലെ പ്രധാന കാൻസർ കെയർ സെന്ററായി മെഡിക്കൽ കോളേജ് കീമോ ഡേ കെയർ സെന്റർ മാറും. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ