തൃശൂർ: ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഷാ തച്ചില്ലം സിനിമാ തിരക്കഥ എഴുതിയതിന് പ്രതിഫലമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇരിങ്ങാലക്കുട തൊമ്മാന സ്വദേശിയായ 50കാരൻ ഷാ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ജയിൽ മദ്ധ്യമേഖലാ വെൽഫയർ ഓഫീസർ കെ. ലക്ഷ്മി ജില്ലാ കളക്ടർ ഹരിത വി.കുമാറിന് കൈമാറി.
'ഏകൻ അനേകൻ' എന്ന സിനിമയുടെ തിരക്കഥയാണ് ഷാ ജയിലിൽ നിന്നെഴുതിയത്. ഇതിന്റെ പ്രതിഫലമായ ഒരു ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. 2018ൽ ചീമേനി തുറന്ന ജയിലിൽ ഒരുക്കിയ സിനിമാ നിർമ്മാണ ശിൽപശാലയ്‌ക്കൊടുവിൽ ഷായുടെ തിരക്കഥയിൽ അന്തേവാസികൾ 'എ.ബി.സി.ഡി' എന്ന ഷോർട്ട്ഫിലിം ഒരുക്കിയിരുന്നു. പരിശീലനത്തിൽ പങ്കെടുത്ത 21 പേർ ചേർന്ന് തുറന്ന ജയിലിനെക്കുറിച്ച് 'വിശ്വാസത്തിന്റെ മതിലുകൾ' എന്ന ഡോക്യുമെന്ററിയും തയ്യാറാക്കിയിരുന്നു. 2011 ൽ ജയിൽവാസം തുടങ്ങിയ ഷാ ജയിലിൽ നിന്ന് പോസ്റ്റ് കാർഡുകളിൽ എഴുതി സുഹൃത്ത് ഷാജു ഫ്രാൻസിസിന് അയച്ച 70ലേറെ കവിതകൾ 'തടവറയിലെ ധ്യാന നിമിഷങ്ങൾ' എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്. നിലവിൽ പരോളിൽ കഴിയുന്ന ഷാ നാളെ വീണ്ടും ചീമേനി തുറന്ന ജയിലിലെത്തും.

2018ലെ സിനിമാ നിർമാണ ശിൽപ്പശാലയായിരുന്നു കവിതകൾ എഴുതുമായിരുന്ന തന്നെ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചത്. കിട്ടുന്ന ആദ്യ അവസരത്തിലെ തുക സർക്കാരിന് നൽകണമെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ തീരുമാനിച്ചിരുന്നു.
-ഷാ തച്ചില്ലം.