 
ഗുരുവായൂർ: ബി.ജെ.പി പട്ടികവർഗ മോർച്ച സംസ്ഥാന പഠന ശിബിരം ഗുരുവായൂരിൽ തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിബിരം പട്ടികവർഗ മോർച്ച ദേശീയ പ്രസിഡന്റ് സമീർ ഒരോൺ എം.പി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെയും ആദിവാസികളുടെയും ഉന്നമനമാണ് നരേന്ദ്രമോദി സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളുടെ ഉന്നമനത്തിനായി നരേന്ദ്രമോദി നിരവധി കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് ആദിവാസി വനിതയെ രാഷ്ട്രപതി ആക്കിയതെന്നും സമീർ ഒരോൺ പറഞ്ഞു. പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയാറ അദ്ധ്യക്ഷത വഹിച്ചു. പട്ടികവർഗ മോർച്ച ദേശീയ ജനറൽ സെക്രട്ടറി അശോക് നെട്ടെ എം.പി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ്, കെ. പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ മോർച്ചയുടെ ചുമതലയുള്ള നൂറോളംപേർ ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.