പേരാമംഗലം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത 69 ലെ വീതിയും വെളിച്ചവുമില്ലാത്ത അമല നഗറിലെ റെയിൽവേ മേൽപ്പാലം അപകടം ക്ഷണിച്ചുവരുത്തുന്നു. പാത നാലുവരിയായിട്ടും രണ്ട് വരിയായി തുടരുന്ന അമല നഗറിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിലൂടെ ഒരേ സമയം രണ്ട് ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ തിങ്ങിനിരങ്ങിയാണ് കടന്നുപോകുന്നത്. റോഡിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം വീതി കൂട്ടിയപ്പോഴും അമല നഗറിലെ റെയിൽവേ മേൽപ്പാലം പൊളിച്ച് വീതി കൂട്ടാനാവശ്യമായ നടപടി ഉണ്ടായില്ല. തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ പാലത്തിന്റെ ഇരുഭാഗങ്ങളിലും വന്നിടിക്കുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. പാലത്തിന് താഴെ അഗാധമായ ഗർത്തമാണെന്നിരിക്കെ വലിയ അപകടസാദ്ധ്യതയാണുള്ളത്. എന്നാൽ ഭാഗ്യം കൊണ്ട് മാത്രം മിക്കപ്പോഴും വാഹനങ്ങൾ പാലത്തിന്റെ കൈവരികളിലും സമീപത്തെ ബോർഡുകളിലും ഇടിച്ച് നിൽക്കുകയാണ്. തൃശൂർ ഭാഗത്തേക്ക് പോയ ഒരു ലോറി കഴിഞ്ഞ ദിവസവും പാലത്തിന്റെ സമീപമുള്ള ബോർഡിൽ ഇടിച്ചു നിന്നു. മാസങ്ങൾക്ക് മുമ്പ് പാലത്തിന്റെ മദ്ധ്യഭാഗത്തെ കൈവരിയിൽ ലോറിയിടിച്ച് നിന്നു. തകർന്ന കൈവരിയുടെ ഭാഗം താഴേക്ക് പതിക്കാതെ ഇപ്പോഴും അതേ അവസ്ഥയിൽ നിൽപ്പാണ്.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം സന്ദർശിച്ചിരുന്നു. വരും ദിവസങ്ങളിലെങ്കിലും പാലം വീതി കൂട്ടി പാത നാലുവരിയാക്കാനാവശ്യമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. മുണ്ടൂർ-പുറ്റേക്കര ഭാഗത്തെ കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതോടൊപ്പം പാലം വീതി കൂട്ടി നാലുവരിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് കാലങ്ങളായി ഉയരുന്ന ആവശ്യം.

വെളിച്ചമില്ലായ്മയും നടപ്പാതയുടെ ശോചനീയാവസ്ഥയും

വെളിച്ചമില്ലായ്മയും നടപ്പാതയുടെ ശോചനീയാവസ്ഥയും പാലത്തിൽ അപകട സാദ്ധ്യത കൂട്ടുന്നു. പാലത്തിന്റെ ഇരുഭാഗങ്ങളിലും തൂണുകളിലായി സ്ഥാപിച്ച തെരുവ് വിളക്കുകൾ ചെടികൾ പടർന്ന് കാടുപിടിച്ച് വർഷങ്ങളായി പ്രവർത്തന രഹിതമാണ്. ഇതോടെ രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചം ലവലേശമില്ലാത്ത സ്ഥിതിയാണ്. നിരവധി വാഹനങ്ങളാണ് ഇതിനകം ഇവിടെ അപകടത്തിൽപ്പെട്ടത്. പാലത്തിലെ നടപ്പാതയിലെ സ്ലാബുകളും തകർന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ സ്ഥാപിക്കുന്നതും നടപ്പാതയിൽ ദുരിതം സൃഷ്ടിക്കുന്നു. നടപ്പാതയ്ക്കിരുവശവും പുൽക്കാടുകൾ വളർന്ന് നിൽക്കുന്നതും ദുരിതമാകുന്നുണ്ട്.