 
കൊണ്ടാഴി: ജന്മനാ ഒരു വൃക്ക മാത്രമുള്ള സൗത്ത് കൊണ്ടാഴി ചക്കംകുളം സുരേഷ് ബാബു (34) ഏക വൃക്ക മാറ്റിവെയ്ക്കാൻ സുമനസുകളുടെ കാരുണ്യം തേടുന്നു. ഒരു വൃക്ക മാത്രമുള്ള സുരേഷ് ബാബുവിന് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വൃക്കരോഗത്തിന്റെ ലക്ഷണം കാണുന്നത്. 2016ൽ കോഴിക്കോട് മെഡിക്കൽ കേളേജിൽ വച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മാതാവ് ജാനകി വൃക്ക നൽകി. തളരാത്ത മനസ്സുള്ള സുരേഷ് ബാബു ആശുപത്രിക്കിടക്കയിൽവച്ച് അഞ്ച് പി.എസ്.സി പുസ്തകങ്ങളെഴുതി പുറത്തിറക്കി. 2019ൽ വൃക്കരോഗത്തെക്കുറിച്ചുള്ള ഒരു പുസ്തകവുമെഴുതി. ക്രമേണ ജീവിതം തിരികെ പിടിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് മാറ്റിവച്ച വൃക്കയും തകരാറിലാകുന്നത്. ഉടനടി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കെറോണയെക്കുറിച്ചുള്ള പുസ്തകമെഴുതിത്തുടങ്ങിയപ്പോഴാണ് നിനച്ചിരിക്കാതെ വീണ്ടും വൃക്കരോഗമെത്തുന്നത്. ഇതിനിടെ കെറോണയും പിടിപെട്ടു. ആഴ്ചയിൽ 3 ഡയാലിസിസുകൾ നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്. അതിനേയും അതിജീവിച്ച സുരേഷ് ബാബുവിന്റെ നിശ്ചയദാർഢ്യം ഡോക്ടർമാരെപ്പോലും അതിശയിപ്പിക്കുന്നു. പുതിയ വൃക്കക്കായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മുൻഗണനാപട്ടിക പ്രകാരം ലഭിക്കണമെങ്കിൽ കാലതാമസമുണ്ടാകും. മാത്രമല്ല ലോക അവയവദാന ദിനത്തിൽ സ്വന്തം അവയവദാനത്തിനുകൂടി സമ്മതപത്രം എഴുതി നൽകിയ വ്യക്തി കൂടിയാണ് സുരേഷ് ബാബു. പഞ്ചായത്തംഗം സതി അപ്പത്ത് ചെയർപേഴ്‌സണായി ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഒ പോസിറ്റീവ് വൃക്കയാണ് വേണ്ടത്. ടി.നിർമ്മല, സി.എൻ. ഷീജ, പി. സുലൈമാൻ എന്നിവരുടെ പേരിൽ ബാങ്ക് ഒഫ് ബറോഡയുടെ പാറമേൽപ്പടി ശാഖയിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ കൊണ്ടാഴി ബ്രാഞ്ചിൽ 54830100006838 നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.സി കോഡ് ബി.എ.ആർ.ബി.ഒ.കെ.ഒ.എൻ.ഡി.എ.എസ്, എം.ഐ.സി.ആർ കോഡ്: 680012011. ഫോൺ: 9946126162