പുതുക്കാട്: വനത്തോട് ചേർന്നുള്ള റബ്ബർ തോട്ടങ്ങളിലും ജനവാസ മേഖലയിലും നിരന്തരമുള്ള കാട്ടാന ശല്യത്തിന് അറുതി വരുത്താൻ കുങ്കിയാനകളായ വിക്രമും ഭരതും താമസിക്കാതെ പാലപ്പിള്ളിയിൽ എത്തും. കാട്ടാനകളെ കാടു കയറ്റാൻ പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പിന്റെ ആനകളാണ് ഇരുവരും. ഫോറസ്റ്റ് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്ററുടെ അപേക്ഷ പരിഗണിച്ചാണ് വയനാട് വൈൽസ് ലൈഫ് വാർഡൺ കുങ്കിയാനകളെ അയയ്ക്കുന്നത്. ഇരുവരും ഇപ്പോൾ വയനാട്ടിലാണ് സേവനം നടത്തുന്നത്.
മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്യത്തിൽ വരന്തരപ്പിള്ളിയിലെ ജനപ്രതിനിധികൾ തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടിരുന്നു.
റബ്ബർ തോട്ടങ്ങളിലും ജനവാസ മേഖലയിലും എത്തി നാട്ടുകാർക്ക് ഭീഷണിയാകുന്ന കാട്ടാനകളെ നാട്ടുകാരുടെ സഹകരണത്തോടെ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനത്തിലേക്ക് കയറ്റി വിട്ടിരുന്നു. ഏതാനും ദിവസങ്ങൾക്കകം ആനകൾ കൂട്ടത്തോടെ വനാതിർത്തിയിലെ തോട്ടങ്ങളിൽ തിരിച്ചെത്തി.