വടക്കാഞ്ചേരി: റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും സെർവർ തകരാർ മൂലം മിക്കയിടങ്ങളിലും വിതരണം അവതാളത്തിലായി. തലപ്പിളളി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള റേഷൻ കടകളിൽ കഴിഞ്ഞ 23 മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിരുന്നു. രണ്ടു ദിവസമായി മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് വിതരണ അനുമതി ഉണ്ടായിരുന്നത്. കാർഡിന്റെ നിറം തിരിച്ചാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നത്. എന്നാൽ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ബയോമെട്രിക് പരിശോധന നടത്താൻ കഴിയാത്തത് മൂലം മഞ്ഞ കാർഡുടമകൾക്ക് തന്നെ മുഴുവനായും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാനായിട്ടില്ല. ഇന്നലെ മുതൽ പിങ്ക് കാർഡ് ഉടകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങേണ്ടതായിരുന്നു. എന്നാൽ സെർവർ തകറാറിലായതോടെ ആർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ആകെയുണ്ടായ സാങ്കേതിക തകരാറാണ് തലപ്പിള്ളി താലൂക്കിലെ റേഷൻ കടകളിലും സംഭവിച്ചതെന്ന് താലൂക്ക് സിവിൽ സപ്ലെ ഓഫീസർ ജോസി ജോസഫ് അറിയിച്ചു.