കാഞ്ഞാണി: കഴിഞ്ഞ ദിവസം ബസിടിച്ച് വഴിയാത്രക്കാരന്റെ വലത് കാൽ നീക്കം ചെയ്ത സംഭവത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. കാഞ്ഞാണി - തൃശൂർ റൂട്ടിൽ അരിമ്പൂരിലാണ് വ്യാഴാഴ്ച വാഹനങ്ങൾ പരിശോധിച്ചത്. ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയിരുന്ന ബസ് ജീവനക്കാരനിൽ നിന്ന് പിഴയീടാക്കി. തൃശൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പി.വി. അനീഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജിയോ ജെ. വാഴപ്പിള്ളി, വി.ബി. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പറഞ്ഞു.