 
പുതുക്കാട്: ആശങ്കകൾക്കും കുപ്രചരണങ്ങൾക്കും വിട നൽകി പുതുക്കാടിന്റെ വികസന കുതിപ്പിന് പ്രധാന പങ്ക് വഹിക്കുന്ന റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടടുക്കുന്നു. റെയിൽവേയുടെ അനുമതി ലഭ്യമാകൽ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മേൽപ്പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി നഷ്ടപ്പെടുന്നവർക്കുള്ള മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്തു. 15 പേർക്കായി പത്ത് കോടി അറുപത്തി ഒന്ന് ലക്ഷത്തി മുപ്പത്തിനാലായിരത്തി എഴുനൂറ്റി അറുപത് രൂപയാണ് അനുവദിച്ചത്. ഇവരിൽ നിന്ന് രണ്ട് ഏക്കർ സ്ഥലമാണ് അപ്രോച്ച് റോഡിനായി പൊന്നും വില നൽകി ഏറ്റെടുത്തത്. 2002 ലാണ് റെയിൽവേയ്ക്ക് വേണ്ടി റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സർവേ നടത്തി മൂന്ന് രൂപരേഖകൾ സമർപ്പിച്ചത്. സ്റ്റേഷന് സമീപത്തെ രണ്ട് റെയിൽവേ ഗേറ്റുകൾ ഒഴിവാക്കാനുതകുന്ന ഏറ്റവും കുറവ് ഭൂമി എറ്റെടുക്കേണ്ടതായ രൂപരേഖയാണ് റെയിൽവേ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ നിയമ നടപടികളിൽപ്പെട്ട് ഏറെക്കാലം പ്രവൃത്തികൾ മുടങ്ങിയിരുന്നു.
പാലിയേക്കര ടോൾ ഒഴിവാക്കാൻ സഹായകം
റെയിൽവേ മേൽപ്പാലം പാലിയേക്കര ടോൾ ഒഴിവാക്കി പോകുന്ന നൂറുകണക്കിന് വാഹനങ്ങൾക്ക് എറെ പ്രയോജനപ്രദമാണ്. ദേശീയപാത പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയിലേക്കും തൃപ്രയാറിലേക്കുമുള്ള ഏറ്റവും എളുപ്പവഴി കൂടിയാണിത്. പുതുക്കാട് സിഗ്‌നൽ ജംഗ്ഷൻ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത് റോഡിന്റെ വീതി വർദ്ധിപ്പിച്ചാൽ മാത്രമാണ് മേൽപ്പാലം വരുന്നതിന്റെ മുഴുവൻ പ്രയോജനവും നാട്ടുകാർക്ക് ലഭ്യമാവൂ.
പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി റെയിൽവേ നിർദേശിച്ച മുഴുവൻ കാര്യങ്ങളും പാലിച്ചു. കിഫ്ബിയുടെ നേതൃത്വത്തിൽ നിർമ്മാണ അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ നടപടികളുമായി മുന്നോട്ടു പോകും. ഭൂമി നഷ്ടപ്പെട്ടവർക്കുള്ള മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്തു.
-കെ.കെ. രാമചന്ദ്രൻ എം.എൽ.എ