പാവറട്ടി: പാവറട്ടി പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാവുന്നു. ക്രിമറ്റോറിയത്തിന് ആവശ്യമായ 12 അടി വീതിയിൽ സ്ഥലം വാങ്ങി രണ്ട് മാസം മുമ്പ് പഞ്ചായത്തിനെ ഏൽപ്പിച്ച ഹിന്ദു സമുദായ ഐക്യവേദി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിനെയും പഞ്ചായത്ത് സെക്രട്ടറിയെയും നേരിൽ കണ്ട് പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. ഹിന്ദു സാമുദായിക ഐക്യവേദി പ്രസിഡന്റ് വി.വി. ഹരിഹരൻ, സി. മണികണ്ഠൻ, ശ്രീനിവാസ് പീടിയേക്കൽ, കെ.കെ. കൃഷ്ണൻ, തിലകൻ ഉരുപ്പറമ്പിൽ എന്നിവരാണ് പ്രതിഷേധം അറിയിച്ചത്.
പാവറട്ടി പഞ്ചായത്ത് 12-ാം വാർഡിൽ പെട്ടേക്കടവ് കോളനിയിൽ ശ്മശാനത്തിനായി 90 സെന്റ് സ്ഥലം പഞ്ചായത്തിന്റെ അധീനതയിൽ ഉണ്ട്. ഇവിടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ പ്രദേശവാസികളുടെ എതിർപ്പുണ്ടായിരുന്നു. നിലവിലെ ഭരണസമിതി അധികാരമേറ്റശേഷം ഇവിടെ ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചു. ശ്മശാന ഭൂമിയിലേക്ക് വാഹന ഗതാഗതത്തിന് റോഡ് ഇല്ലാത്തത് തടസമായി. ഹിന്ദു സാമുദായിക ഐക്യവേദി 12 അടി വീതിയിൽ ശ്മശാന ഭൂമിയിലേക്ക് റോഡിനായി കഴിഞ്ഞ മേയ് മാസത്തിൽ സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി. ശ്മശാന നിർമ്മാണത്തിന് ഉപസമിതി രൂപീകരിച്ച് തുടർ നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാലുടൻ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിക്കും.
-സിന്ധു അനിൽകുമാർ
(പഞ്ചായത്ത് പ്രസിഡന്റ്)