തൃപ്രയാർ: തീരപ്രദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സി.പി.ഐ ജില്ലാ സമ്മേളനം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിലും പലപ്പോഴുമായി ഉണ്ടായിട്ടുള്ള കടലാക്രമണത്തിലും വീടുകൾ നഷ്ടപ്പെട്ടവരും വാസഭൂമി നഷ്ടപ്പെട്ടവരുമായ തീരദേശവാസികൾ സംസ്ഥാനത്ത് നിരവധിയുണ്ട്. വികസന പദ്ധതികളുടെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ സമരത്തിലാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളതെന്നും ഇതെല്ലാം പരിഹരിക്കാൻ സമഗ്രമായ പാക്കേജ് ആവശ്യമാണ്. തീരദേശ പരിരക്ഷയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞു മാറുകയാണ്. കടൽഭിത്തി നിർമ്മാണത്തിൽ നിന്ന് കേന്ദ്രസർക്കാർ പൂർണമായും പിന്മാറിയത് പ്രതിഷേധാർഹമാണ്. ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആഴക്കടൽ കോർപ്പറേറ്റുകൾക്ക് നൽകിയതുപോലെ തീരദേശവും കോർപ്പറേറ്റുകൾക്ക് കൈമാറാൻ നയങ്ങൾ ആവിഷ്‌ക്കരിക്കുകയാണെന്നും ദേശീയ മത്സ്യ വികസന നയം ആ സന്ദേശമാണ് നൽകുന്നതെന്നും സി.പി.ഐ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.