 
വനം വകുപ്പ് സെൻട്രൽ സർക്കിൾ സംഘടിപ്പിച്ച ഫയൽ അദാലത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: വനംവകുപ്പിന് ജനകീയ മുഖം കൈവരുന്ന പ്രവർത്തന ശൈലി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പ് സെൻട്രൽ സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി മേഖലയിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയുന്ന നടപടികളുടെ ഭാഗമായി പത്തു കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ഫെൻസിംഗ് സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച് വിദദ്ധരുടെ മേൽനോട്ടത്തിൽ നടന്ന പഠനം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 90 കിലോമീറ്റർ ദൂരത്തിലായിരിക്കും ഫെൻസിംഗ് നിർമ്മിക്കുക. അതിരപ്പിള്ളി മേഖലയിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആഘർഷിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി പദ്ധതിയുണ്ടാക്കും. മന്ത്രി തുടർന്ന് പറഞ്ഞു.
വനംവകുപ്പ് ഓഫീസുകളിൽ നാട്ടുകാർ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇതു പരിഹരിക്കണമെന്ന് എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിന് ഇരയായവർക്കുള്ള ധനസഹായ വിതരണവും മന്ത്രി നടത്തി. എസ്.എൻ.ജി ഹാളിൽ നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ്, തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ. അനൂപ്, വാർഡ് കൗൺസിലർ വി.ജെ. ജോജി, ഫോറസ്റ്റ് കൺസർവേറ്റർസോഷ്യൽ ഫോറസ്ട്രി (എറണാകുളം റീജിയൻ) ഇന്ദു വിജയൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ സംബുദ്ധ മജുംദാർ, സി.വി. രാജൻ എന്നിവർ സംസാരിച്ചു.