 
മൂന്നുപീടിക പ്രൈവറ്റ് ബസ് സ്റ്റാൻഡ് നോക്കുകുത്തിയായിട്ട് നാലുകൊല്ലം
കയ്പമംഗലം: മൂന്നുപീടിക ബസ് സ്റ്റാൻഡിലെത്തിയാൽ യാത്രക്കാർക്ക് ബസ് ഒഴികെ എല്ലാം കിട്ടും. എന്നുമുതൽ സ്റ്റാൻഡ് പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമില്ല. നാലുവർഷം മുമ്പ് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത്. ചടങ്ങ് കഴിഞ്ഞതല്ലാതെ പിന്നീടൊരു നടപടിയും കൈക്കൊണ്ടില്ല.
മൂന്നുപീടികയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിന് പതീറ്റാണ്ടുകളുടെ പഴക്കമുണ്ട്. കയ്പമംഗലം, പെരിഞ്ഞനം പ്രദേശത്തെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് ഇരിങ്ങാലക്കുടയിലേക്കാണ്. പടിഞ്ഞാറെ വെമ്പല്ലൂരിലുള്ള എം.ഇ.എസ് കോളേജിലെയും മൂന്നുപീടിക ബീച്ച് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് പോകേണ്ടത് ബീച്ച് റോഡ് വഴിപോകുന്ന അഴീക്കോട്, എറിയാട് ബസുകളിലാണ്. ഇരിങ്ങാലക്കുട - അഴീക്കോട് മേഖലകളിലേക്ക് പോകുന്ന ബസുകളുടെ ആരംഭകേന്ദ്രം രണ്ട് സ്ഥലങ്ങളിലായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്. ഈ പ്രശ്നത്തിന് ബദലായാണ് ബസ് സ്റ്റാൻഡ് എന്ന ആശയത്തിന് പഞ്ചായത്ത് തുടക്കമിട്ടത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ബസ് സ്റ്റാൻഡ് എത്രയുംപെട്ടെന്ന് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ്
2013ൽ 40 ലക്ഷം രൂപ അടങ്കൽ തുകയുമായി തുടങ്ങിയതാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ്‌ന്റെ നിർമ്മാണം. ജല അതോറിറ്റിയുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ബസ് സ്റ്റാൻഡിനായി പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയായിരുന്നു. 2018 ജൂൺ 24 നായിരുന്നു ഉദ്ഘാടനം. കയ്പമംഗലം എം.എൽ.എയായിരുന്ന വി.എസ്. സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. നിർമ്മാണത്തിന് ശേഷം വലിയ വിലകൊടുത്ത് പലരും കടമുറികൾ വാടകയ്ക്കെടുത്തു. കച്ചവടം മെച്ചപ്പെടാതായതോടെ അവരും ദുരിതത്തിലായി. ഇപ്പോൾ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നത് ഓട്ടോ സ്റ്റാൻഡാണ്.
കൊവിഡിനെ തുടർന്നാണ് ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലായത്. ജോയിന്റ് ആർ.ടി.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡ് ഉടൻ തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റും. രണ്ടു മാസത്തിനകം ബസ് സ്റ്റാൻഡ് യഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് വിശ്വാസം.
ശോഭന രവി
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ്