 
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തിരുവോണം ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞതിനു മുകളിൽ നാക്കിലയിൽ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിക്കാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട് ഭക്തരും കാഴ്ചക്കുല സമർപ്പണം നടത്തും.
തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലി എന്നിവ നടക്കും. പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും.
വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, കെ.ആർഗോപിനാഥ്, മനോജ് ബി. നായർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.
കാഴ്ചക്കുലകൾ
ക്ഷേത്രത്തിൽ ലഭിക്കുന്ന കാഴ്ചക്കുലയിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണ ദിവസത്തെ സദ്യക്ക് പഴപ്രഥമൻ തയാറാക്കാൻ ഉപയോഗിക്കും. ബാക്കിവരുന്ന കുലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം ലേലം ചെയ്ത് ഭക്തർക്കു നൽകും.
വിശേഷാൽ കാഴ്ചശീവേലി
തിരുവോണദിവസം രാവിലെയും ഉച്ചകഴിഞ്ഞും രാത്രിയും നടക്കുന്ന വിശേഷാൽ കാഴ്ചശീവേലിക്ക് ഗോകുൽ, ചെന്താമരാക്ഷൻ, രവികൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും, ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും മേള പ്രമാണം വഹിക്കും.
തിരുവോണ ഊട്ട്
വിശേഷാൽ പ്രസാദ ഊട്ട് രാവിലെ പത്തിന് തുടങ്ങും. ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. അതുവരെ വരിയിൽ പ്രവേശിച്ചവർക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക. പ്രസാദ ഊട്ടിനും കാഴ്ചശീവേലിക്കുമായി 19 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിരിക്കുന്നത്.
വിഭവങ്ങൾ
കാളൻ, ഓലൻ, പപ്പടം, പച്ചടി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉൾപ്പടെയുളള വിഭവങ്ങൾ ഉണ്ടാകും.
ഉത്രാട ദിനത്തിൽ
രാവിലെ ശീവേലി
കാഴ്ചക്കുല സമർപ്പണം (രാവിലെ ഏഴിന്)
തിരുവോണനാളിൽ
ഓണപ്പുടവ സമർപ്പണം (4.30ന്)
വിശേഷാൽ കാഴ്ചശീവേലികൾ