vishnu

വെള്ളിക്കുളങ്ങര: തൃശ്ശൂരിൽ അമ്മയുടെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ അതിയാരൻ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയെയാണ് (55) ഏക മകൻ വിഷ്ണു (24) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

അമ്മയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും താഴെവീണപ്പോൾ ഗ്യാസ് സിലിണ്ടർ എടുത്ത് തലയിലിട്ടതായും വിഷ്ണു പൊലീസിന് മൊഴി നൽകി. സംഭവത്തിന് ശേഷം വിഷ്ണു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി വിവരം അറിയിക്കുകയായിരുന്നു.

ടാങ്കർ ലോറി ഡ്രൈവറായ വിഷ്ണു കൊലപാതക കാരണം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം.

ശോഭനയും ഭർത്താവ് ചാത്തുണ്ണിയും വിഷ്ണുവും ഒന്നിച്ചാണ് താമസിച്ചിരുന്നത്.

ഒരുമാസം മുമ്പാണ് ഇവർ കൊള്ളിക്കുന്നിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. അതിന് മുമ്പ് ഇവർ താമസിച്ചിരുന്ന സ്ഥലവും വീടും വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. വിഷ്ണു ഈ പണം ആവശ്യപ്പെട്ടപ്പോൾ ശോഭന വിസമ്മതിച്ചെന്നും തർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.

വിഷ്ണുവിന് മാനസിക അസ്വാസ്ഥ്യമോ, ലഹരിക്ക് അടിമയാണോ എന്നതും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.