
ചാലക്കുടി: നഗരത്തിലെ തെരുവുകളിൽ ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ നടപടികളുമായി നഗരസഭ. വെള്ളിയാഴ്ച വൈകീട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി, കച്ചവടക്കാർക്ക് താക്കീത് നൽകി. അടുത്തദിവസം ഓഫീസിൽ ലൈസൻസ് കാണിക്കുന്നവരെ മാത്രമേ തിങ്കളാഴ്ച മുതൽ കച്ചവടത്തിന് അനുവദിക്കുകയുള്ളൂവെന്ന് ഹെൽത്ത് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതിനെതിരെ പരാതിയുമായി താത്കാലിക കച്ചവടക്കാരും രംഗത്തെത്തി. സ്ഥിരമായ കച്ചവടം നടത്തുന്നവർ ലൈസസൻസിന് അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ പരാതി. ഏഴ് വർഷം മുൻപ് അപേക്ഷിച്ചിട്ടും തനിക്ക് നഗരസഭ ലൈസൻസ് നൽകിയില്ലെന്ന് ജൗളിക്കട നടത്തുന്ന സർദർ പറഞ്ഞു. ഇയാൾ സ്വകാര്യ വ്യക്തിയുടെ വളപ്പിലാണ് വാടക നൽകി താത്കാലിക ഷെഡിൽ കച്ചവടം നടത്തുന്നത്.