കൊടുങ്ങല്ലൂർ: ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങൾക്കും ബിൽഡിംഗുകൾക്കും അതിന്റെ ഉടമകൾക്ക് മാർക്കറ്റ് വിലയേക്കാൾ അധികം നൽകിയ അധികൃതർ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ അവഗണിക്കുകയാണെന്ന് ആരോപണം. ഹൈവേയ്ക്ക് വേണ്ടി സർക്കാർ ഏറ്റെടുത്തിട്ടുള്ള ഭൂമിയിലെ തെങ്ങിനും കവുങ്ങിനും ന്യായമായ വില നിശ്ചയിക്കുകയും തകർക്കപ്പെടുന്ന ബിൽഡിംഗുകൾക്ക് മൂന്ന് ഇരട്ടി വില നൽകുകയും ചെയ്യുമ്പോൾ, വർഷങ്ങളായി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് കേവലം 75,000 രൂപ ഷിഫ്റ്റിംഗ് ചാർജ് മാത്രമാണ് നൽകുന്നത്.
വ്യാപാരികളെയും അവരുടെ കുടുംബത്തെയും തരംതാഴ്ത്തുന്ന നടപടിയാണിതെന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരി കൂട്ടായ്മ വിലയിരുത്തി. ബിൽഡിംഗ് ഉടമകൾക്ക് സ്‌ക്വയർഫീറ്റിന് 4,000 മുതൽ 4,500 രൂപവരെ നഷ്ടപരിഹാര തുകയാണ് നൽകുന്നത്. ആ തുക ബിൽഡിംഗിലെ വാടകക്കാരായ വ്യാപാരികളുടെ പുനരധിവാസത്തിനും കൂടിയുള്ളതാണെന്ന് എൻ.എച്ച് അധികാരികൾ വ്യാപാരികളോട് നേരത്തെ അറിയിച്ചിരുന്നതാണ്.
ബിൽഡിംഗിന്റെ വലിപ്പവും അതിനോട് ചേർന്ന് നിൽക്കുന്ന മറ്റു നിർമ്മിതികളും കണക്കാക്കി വില നിശ്ചയിക്കുവാനും വാടകക്കാരുടെ പേര് റിപ്പോർട്ട് ചെയ്യുന്നതിന് നാഷണൽ ഹൈവേ ചുമതലപ്പെടുത്തിയിട്ടുള്ളത് എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സമാറ കൺസൾട്ടന്റ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന ഏജൻസിയെയാണ്.
എന്നാൽ ഈ ഏജൻസി റിപ്പോർട്ടിന്റെ ആദ്യ പേജിൽ ബിൽഡിംഗ് ഓണർമാരുടെ പേരും വാടകക്കാരുടെ പേരും ചേർക്കേണ്ട കോളത്തിൽ നിന്ന് വാടകക്കാരുടെ പേര് രേഖപ്പെടുത്താത്തതിനാൽ മുഴുവൻ തുകയും ബിൽഡിംഗ് ഓണർമാർക്ക് കൈമാറുകയാണ് ചെയ്തതെന്ന ആരോപണമുണ്ട്. ഇത്തരത്തിൽ വ്യാപാരികളെ വഞ്ചിച്ച നാഷണൽ ഹൈവേ അധികാരികളുടെ നീക്കത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരി കൂട്ടായ്മ ശക്തമായ ജനകീയ പ്രക്ഷോഭവും എൻ.എച്ച് അധികാരികൾക്കെതിരെ നിയമനടപടികളുമായും മുന്നോട്ടുപോവാൻ തീരുമാനിച്ചു. പ്രസിഡന്റ് അബ്ദുൾ നാസർ അദ്ധ്യക്ഷനായി.