1
ക​ർ​ഷ​ക​ ​സം​ഘം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന വേദിയിൽ ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​ ​പ​താ​ക​ ​ഉ​യ​ർ​ത്തുന്നു.

ഒല്ലൂർ: കാർഷിക മേഖലയെ തകർത്ത നരേന്ദ്ര മോദി സർക്കാരിനുള്ള ആദ്യതിരിച്ചടിയാണ് ഡൽഹിയിൽ നടന്ന കർഷക സമരമെന്ന് കിസാൻ സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ. കർഷക സംഘം ജില്ലാ സമ്മേളനം പുത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ കർഷകരെ ദ്രോഹിക്കുന്ന കാർഷിക ബിൽ കൊണ്ടുവന്നു. 50 ശതമാനം താങ്ങുവില, വളത്തിനും കീടനാശിനികൾക്കും സബ്‌സിഡി, കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകും തുടങ്ങി വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയില്ല. കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് സ്വന്തമായി ഭൂമിയില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ നാലുലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. വർഷത്തിൽ 2 കോടി തൊഴിൽ നൽകുമെന്ന് പറഞ്ഞ മോദി സർക്കാർ ഭരിക്കുമ്പോൾ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണുള്ളതെന്നും വിജു കൃഷ്ണൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ്, സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, കെ.പി. പോൾ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബേബി ജോൺ, അമ്പാടി വേണു, നേതാക്കളായ ജോർജ് മാത്യു, ജി. വേണുഗോപാലൻ, എ.സി. മൊയ്തീൻ എം.എൽ.എ, യു.പി. ജോസഫ്, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുത്തു.