ഗുരുവായൂർ: ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂർ എന്ന കാമ്പയിന്റെ ഭാഗമായി ഹരിതമിത്രം ഗാർബേജ് ആപ്പ് പ്രാവർത്തികമാക്കി ഗുരുവായൂർ നഗരസഭ. മാലിന്യ സംസ്‌കരണ പ്രവർത്തനം, അവയുടെ ഭൗതിക, സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുള്ള പരാതി, പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്‌കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയാണ് ഹരിതമിത്രം ആപ്പ്. മാലിന്യം ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂആർ കോഡ് പതിപ്പിച്ച് മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കഴിയും.
മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും അറിയാനാകും. പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം വാർഡ് 17-ൽ ആരാധന റോഡ് പരിസരത്ത് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു. മുൻ ചെയർപേഴ്‌സൺ എം.രതി അദ്ധ്യക്ഷത വഹിച്ചു. പി.ദിൽകുമാർ ഹരിതമിത്രം ഗാർബേജ് ആപ്പ് പരിചയപ്പെടുത്തി. ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണം തുടർദിവസങ്ങളിൽ ആരംഭിക്കും. നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.പി. വിനോദ്, ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഹരിതകർമസേന അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.