
തൃശൂർ: പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും വില കുതിച്ചുയരുമ്പോൾ, ഓണം നാളിലും വില കുറയുമെന്ന പ്രതീക്ഷയില്ലെന്ന് വ്യാപാരികൾ. ഓണം മുന്നിൽക്കണ്ട് പച്ചക്കറി കൃഷി ഇറക്കിയ കർഷകരുടെ കണക്കുക്കൂട്ടലെല്ലാം കനത്തമഴയിൽ മുങ്ങിയതോടെ, ഓണവിപണിയിലേക്കുള്ള നാടൻ പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞു.
കർണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴ പെയ്തതോടെ അവിടെ നിന്നും പ്രതീക്ഷിച്ച പച്ചക്കറിയെത്തിയില്ല. ഗ്രാമീണമേഖലകളിൽ നിന്ന് വേണ്ടത്ര പച്ചക്കറി കിട്ടാതായതോടെ ഹോർട്ടി കോർപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കും വിലക്കയറ്റവും ക്ഷാമവും തടയാനായില്ല. മഴയൊഴിഞ്ഞതോടെ അത്തത്തിന് മുൻപേ ഓണത്തിരക്കിലാണ് വിപണികൾ. കല്യാണസീസൺ തുടങ്ങിയതിനാൽ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വൻ ഡിമാൻഡാണ്. കൊവിഡ് നിയന്ത്രണമില്ലാതെ ആഘോഷങ്ങളും വ്യാപകമായി. ഓണത്തിന് പിന്നാലെ ഉത്സവസീസൺ കൂടിയെത്തുന്നതോടെ സദ്യയൊരുക്കാനുള്ള ചെലവ് ഇനിയും കൂടും.
പച്ചമുളക് 30 ൽ നിന്ന് 80 രൂപയായെങ്കിൽ വറ്റൽമുളക് 260 ൽ നിന്ന് 300 ആയി. മാങ്ങാ, ഇഞ്ചി, നാരങ്ങാ തുടങ്ങിയ സദ്യയിൽ അത്യാവശ്യമുള്ളതിനെല്ലാം നൂറുരൂപയോളമായി വില. ഉത്രാടപാച്ചിലെത്തുമ്പോഴേക്കും 20 രൂപയോളം വില കൂടിയേക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം. തക്കാളിക്കും വെണ്ടക്കയ്ക്കും സവാളയ്ക്കും വില കാര്യമായി കൂടാത്തതാണ് കറിയൊരുക്കുന്നതിലെ ഏക ആശ്വാസം. മുപ്പത് രൂപയുടെ താഴെ മാത്രം. അരി 32-38 രൂപയിൽ നിന്ന് 40-50 രൂപയിലേക്കാണ് ഉയർന്നത്, രണ്ട് മാസത്തിനുള്ളിൽ തന്നെ കൂടിയത് 15 രൂപയാണ്.
ചെങ്ങാലിക്കോടൻ കായയ്ക്ക് കിലോഗ്രാമിന് 85-90 രൂപ വരെയാണ് നിലവിലെ വില. എത്ര വിലയായാലും കായയ്ക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ മിക്കവാറും വാഴത്തോട്ടങ്ങളിലേയും കായ വെട്ടിവിറ്റു കഴിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ചെയ്തതെങ്കിലും വ്യാപകമായ മഴയ്ക്ക് പിന്നാലെയുണ്ടായ കനത്ത വെയിലിൽ കായകളുടെ നിറം മാറാൻ തുടങ്ങിയതോടെ പെട്ടെന്ന് വെട്ടിവിൽക്കുകയായിരുന്നു. ഇലകൾക്ക് മഞ്ഞനിറമുണ്ടായതോടെ കായകൾ പെട്ടെന്ന് പഴുക്കാനും തുടങ്ങി.
ഓണത്തിന് ചെങ്ങാലിക്കോടനുള്ള ബുക്കിംഗ് നേരത്തെ കഴിഞ്ഞു. ഇപ്പോഴും നിരവധി പേരാണ് കായ ആവശ്യപ്പെട്ട് വരുന്നത്. മുള്ളൂർക്കര മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഈ ഓണത്തിന് ചെങ്ങാലിക്കോടന് വൻ ഡിമാൻഡാകും.
ചന്ദ്രൻ ആലാട്ട്
ചെങ്ങാലിക്കോടൻ കർഷകൻ
വില കൂടിയത്
വിലക്കുറവ്