മാള: പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം പ്രതിഷേധവും വാക്കൗട്ടും നടത്തി. കെ. കരുണാകരൻ സ്മാരക സ്‌പോർട്‌സ് അക്കാഡമിയിലെ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങൾ കമ്മിറ്റി യോഗത്തിൽ പ്രതിഷേധിച്ചത്. പാർലമെന്ററി പാർട്ടി ലീഡർ ജോഷി കാഞ്ഞൂത്തറയുടെ നേതൃത്വത്തിൽ കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാർഡുകളുമായി എത്തി യോഗ നടപടികൾക്കിടെ അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. ഹൈക്കോടതി പരിഗണയിലിരിക്കെ തിടുക്കപ്പെട്ട് ബോർഡുകൾ നശിപ്പിച്ചത് ആസൂത്രിതമാണെന്നും കെ. കരുണാകരന്റെ പേരിനോട് പോലും ഭരണ സമിതിക്ക് ഭയമാണെന്നും, ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് മാളയിലെ യുവാക്കളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളായ ജോഷി കാഞ്ഞൂത്തറ, ജിയോ ജോർജ് കൊടിയൻ, അമ്പിളി സജീവ്, യദുകൃഷ്ണ, ലിസി സേവ്യർ, സി.എൽ. ബാബു എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.