പാവറട്ടി: എളവള്ളി ജലനിധി പദ്ധതി വിപുലീകരിച്ച് സമ്പൂർണ കുടിവെള്ള ഗ്രാമമായി പഞ്ചായത്തിനെ മാറ്റുമെന്ന് ജലനിധി ജനറൽ ബോഡി യോഗത്തിൽ തീരുമാനം. 63 യൂണിറ്റുകളിൽ നിന്നും 126 പ്രതിനിധികളാണ് വാർഷിക യോഗത്തിൽ പങ്കെടുത്തത്. നിലവിലെ പദ്ധതിയിൽ 3900 പേരാണ് ഗുണഭോക്താക്കൾ. 4437 പേർക്ക് കൂടി പുതിയ കണക്ഷൻ നൽകിക്കൊണ്ടാണ് പദ്ധതിയുടെ പൂർത്തീകരണം നടത്തുന്നത്.
ദേശമംഗലം പദ്ധതി ലഭിച്ചതോടെ ജലജീവൻ മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ പദ്ധതി പൂർത്തീകരിക്കാനാകും. പഞ്ചായത്തിൽ ഗാർഹിക കണക്ഷൻ ആവശ്യമുള്ളവർ ആഗസ്ത് മാസം 30നകം അപേക്ഷകൾ പഞ്ചായത്തിൽ സമർപ്പിക്കണം. ഉപ്പ് വെള്ളവും കലക്കുവെള്ളവും മൂലം പദ്ധതിക്ക് തടസം നേരിട്ടാൽ ബൾക്ക് വാട്ടർ ബദലായി നൽകും. വാർഷിക പൊതുയോഗം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ഉദ്ഘാടനം ചെയ്തു. ജലനിധി പ്രസിഡന്റ് പി.കെ. സുലൈമാൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, ചെറുപുഷ്പം ജോണി, പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, ജനറൽ സെക്രട്ടറി പി.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു. ജലനിധിയുടെ പുതിയ ഭാരവാഹികളായി പി.ഐ. ബാബു (പ്രസിഡന്റ്), പി.എം. ജോസഫ് (സെക്രട്ടറി), കെ.ബി. ബിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.