തൃശൂർ: കോർപറേഷൻ മൂന്ന് ഏക്കർ സ്ഥലം വിട്ടു നൽകിയാൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഖര മാലിന്യ പ്ലാന്റ് തുടങ്ങുമെന്ന് തൃശൂർ ടൗൺ കൺവെൻഷൻ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയ്പാൽ ഉദ്ഘാടനം ചെയ്തു.
കോർപറേഷൻ വർഷങ്ങളായി ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനമാണ് ദ്രവ ഖര മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ. ഇതിനായി കോടികൾ ചെലവാക്കി സ്ഥലവും ഏറ്റെടുത്തു. എന്നാൽ പിന്നീട് യാതൊരു ചുവടും മുന്നോട്ടു വയ്ക്കാത്ത കോർപറേഷൻ തന്നെ ചറിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണം എന്ന് പറയുന്നതിൽ അനൗചിത്യമുണ്ട്. തൊഴിലാളി ക്ഷാമം തീർക്കാനും അന്യ സംസ്ഥാനത്തൊഴിലാളികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുവാനും ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികളുടെയും തിരിച്ചറിയൽ രേഖയോട് കൂടിയ ഡാറ്റ ഡിജിറ്റലായി ശേഖരിക്കാൻ ലേബർ ആപ്പ് തുടങ്ങാനും തീരുമാനിച്ചു. സീനിയർ നേതാവ് എം. ശ്രീകുമാർ പ്രസംഗിച്ചു. 25 വർഷത്തിൽ കൂടുതലായി ഹോട്ടൽ നടത്തുന്നവരെ ആദരിച്ചു. ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും മക്കളിൽ ഉന്നത വിജയം നേടിയവരെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. മികച്ച വനിതാ സംരംഭകക്കുള്ള അവാർഡ് നേടിയ ഇളവരശി ജയകാന്തിനെ ആദരിച്ചു.