ചാലക്കുടി: നഗരസഭയിലെ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ രാഷ്ട്രീയ വടംവലി. മുൻധാരണാ പ്രകാരം എ ഗ്രൂപ്പിലെ സിന്ധു ലോജു കാലാവധി കഴിഞ്ഞിട്ടും തത്സ്ഥാനത്ത് തുടരുന്നത് പാർട്ടിയിലെ അണിയറയിൽ നടക്കുന്ന ചരടുവലി കാരണമാണെന്നാണ് വിവരം. ഒന്നര വർഷം പൂർത്തിയാക്കിയ സിന്ധു ലോജു രാജിവയ്ക്കാൻ സന്നദ്ധയാണ്. എന്നാൽ അവർക്ക് ഇതു സംബന്ധിച്ച് ജില്ലാ ഘടകത്തിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടതാണ് പ്രശ്‌ന പരിഹാരം നീളുന്നത്. ആലീസ് ഷിബുവിനെ ഉപാദ്ധ്യക്ഷയാക്കാനാണ് രണ്ടു പ്രമുഖ നേതാക്കളുടെ നീക്കം. ഇക്കാര്യം ബെന്നി ബെഹന്നാനെ അടക്കം അറിയിക്കുകയും ചെയ്തു. ചാലക്കുടിയിൽ എം.പി, എം.എൽ.എ സ്ഥാനങ്ങൾ ഇപ്പോൾ എ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതിൽ എം.എൽ.എ സ്ഥാനാർത്ഥിത്വം ഐ ഗ്രൂപ്പിനുള്ളതായിരുന്നു. ഉമ്മൻചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ചാലക്കുടി സീറ്റ് എ ഗ്രൂപ്പുകാരനായ ടി.ജെ. സനീഷ്‌കുമാറിന് നൽകിയത്. ഇക്കാര്യമാണ് സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.
ഐ ഗ്രൂപ്പിന്റെ ചെയർമാനായിരിക്കുന്ന നഗരസഭയിൽ ന്യായമായും ഉപാദ്ധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനുള്ളതാണ്. എന്നാൽ ഐ നേതാക്കളുടെ ഇപ്പോഴത്തെ നിലപാട് പ്രശ്‌നത്തെ സങ്കീർണമാക്കുകയാണ്. നഗരസഭ കൗൺസിലിലെ 26 കോൺഗ്രസ് കൗൺസിലർമാരിൽ 23ഉം ഐ ഗ്രൂപ്പിലാണെന്ന കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിൽ നഗരസഭയിലുണ്ടാക്കിയ കരാറിൽ വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും സിന്ധു ലോജു മാറണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും ഗ്രൂപ്പിന്റെ കാര്യത്തിൽ ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നും ഐ നേതാക്കൾ ചണ്ടിക്കാട്ടുന്നു. എന്നാൽ ഇതു സംബന്ധിച്ച് എ വിഭാഗത്തിന്റെ അമരക്കാർ ഇതുവരേയും സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടില്ല. രഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമെ നേതാക്കൾ ചാലക്കുടിയിലെ വിഷയത്തിൽ ഇടപെടാൻ സാദ്ധ്യതയുള്ളു. ഇതിന്റ അടിസ്ഥാനത്തിൽ ഇനിയും ഒരുമാസക്കാലം സിന്ധു ലോജു തന്നെ ചാലക്കുടി നഗരസഭയുടെ ഉപാദ്ധ്യക്ഷയായി തുടരും.