 
പുതുക്കാട്: പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയിലേക്കും തൃപ്രയാറിലേക്കും എളുപ്പത്തിൽ എത്താവുന്ന പുതുക്കാട്-ചെറുവാൾ റോഡിലെ കേളിത്തോട് പാലത്തിന്റെ ഒരു വശത്തെ കെട്ട് ഇടിഞ്ഞ് പാലത്തിന്റെ കോൺക്രീറ്റിനോട് ചേർന്ന് വിള്ളൽ രൂപപ്പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി പോകാവുന്ന പാതയിലൂടെയുള്ള യാത്രയ്ക്ക് ഇതോടെ വിലക്കായി. റോഡിൽ കോൺക്രീറ്റ് കാൽ കുഴിച്ചിട്ട് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും മാത്രമേ ഇനി ഈ വഴിയിലൂടെ സഞ്ചരിക്കാനാകൂ. താത്കാലികമായി പാലം ബലപ്പെടുത്തി പൂർണമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നും പറയുന്ന അധികൃതർ ഈ വഴിയുള്ള ചരക്ക് ലോറികളുടെ ഗതാഗതം നിരോധിക്കുമെന്നും അറിയിച്ചു. പാലം തകരാറിന്റെ പേരിൽ ചരക്ക് വാഹനങ്ങളുടെ യാത്ര നിരോധിക്കുന്നതോടെ ഈ വഴി പോയിരുന്ന ഭൂരിപക്ഷം വാഹനങ്ങളും ടോൾ നൽകി പോകാൻ നിർബന്ധിതരാകും.
കേളിത്തോടിന് കുറുകെ 75 വർഷം മുമ്പ് നിർമ്മിച്ചതാണ് പാലം. ഇരുവശങ്ങളിലും കരിങ്കൽ കെട്ടും മുകളിൽ വലിയ ഉരുക്ക് ബീമുകളും പാകി കോൺക്രീറ്റ് ചെയ്താണ് പാലം നിർമ്മിച്ചിട്ടുള്ളത്. പാലം നിർമ്മിച്ച് ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. 2018-2019 ലെ സംസ്ഥാന ബഡ്ജറ്റിൽ കേളിത്തോട് പാലത്തിന്റെ പുനർ നിർമ്മാണത്തിന് ഒന്നരക്കോടി രൂപ വകയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. പതിനഞ്ച് മീറ്ററിലധികം വീതിയുള്ള കേളിത്തോടിന് ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയേറിയതിനാൽ വീതി കൂട്ടി പാലം നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനുണ്ടായ തടസവും മറ്റും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ പോലും എത്തിയില്ല കാര്യങ്ങൾ.
കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ
പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയിലേക്കും തൃപ്രയാർ റോഡിൽ ഊരകം വരെയും മെക്കാഡം ടാറിംഗ് നടത്തി റോഡ് നവീകരിച്ചതോടെയാണ് ഈ റൂട്ടിൽ ഗതാഗതം വർദ്ധിച്ചത്. ദേശീയപാതയിലൂടെ എറണാകുളം ഭാഗത്ത് നിന്നും വരുന്ന ചരക്ക് ലോറികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഊരകത്തെത്തി തൃശൂർ റോഡിലൂടെ കോഴിക്കോട്, പാലക്കാട് ഭാഗത്തേക്ക് സ്ഥിരമായി സഞ്ചരിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ചരക്ക് വാഹനങ്ങളുടെ തിരക്കാണ് ഈ റോഡിൽ.