തിരുവില്വാമല: വിശ്വഹിന്ദു പരിക്ഷത്ത് കേരള ഘടകം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് പഴയന്നൂർ പ്രഖണ്ഡ് സംഘടിപ്പിക്കുന്ന ഗണേശോത്സവം ആഗസ്റ്റ് 31, സെപ്തംബർ 1, 2 തീയതികളിലായി നടക്കും. സെപ്തംബർ രണ്ടിന് വൈകുന്നേരത്തോടെ ചേലക്കര, കൊണ്ടാഴി, പഴയന്നൂർ പഞ്ചായത്തുകളിൽ നിന്നുള്ള ഗണേശ ഘോഷയാത്രകൾ പഴയന്നൂർ പുത്തിരിത്തറയിൽ സംഗമിച്ച് ഘോഷയാത്രയായി തിരുവില്വാമലയിൽ കൂടിച്ചേരുകയും തുടർന്ന് നാലു പഞ്ചായത്തുകളിലേയും ഘോഷയാത്രകൾ സംയുക്തമായി തിരുവില്വാമല ടൗണിലൂടെ സഞ്ചരിച്ച് ഭാരതപ്പുഴയിൽ നിളാതീരത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യും. ഗണേശോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമതാരം സന്തോഷ് കെ. നായർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി മുഖ്യപ്രഭാഷണം നടത്തുമെന്നും സംഘാടക സമിതി ഭാരവാഹികളായ കമലാകരൻ, കൃഷ്ണകുമാർ, പി.കെ. ചന്ദ്രൻ, കൃഷ്ണദാസ്, ദിലീപ് കുമാർ, സി.കെ. രാജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.