കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ജന്മനക്ഷേത്ര വൃക്ഷപൂജ.
വടക്കാഞ്ചേരി: കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജന്മനക്ഷേത്ര വൃക്ഷപൂജയും നടന്നു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രിമാരായ വടക്കേടത്ത് മന ഹരി നമ്പൂതിരിപ്പാട്, തെക്കേടത്ത് പെരുമ്പടപ്പ് മന ദാമോദരൻ നമ്പൂതിരിപ്പാട്, മേൽശാന്തി വിനോദ് ശർമ്മ എന്നിവർ കാർമികത്വം വഹിച്ചു. പുതുതായി നിർമ്മിച്ച ചുറ്റമ്പലം, തിടപ്പിള്ളി, തിരുമുറ്റം കൃഷ്ണശില പാകൽ എന്നിവയുടെ സമർപ്പണോദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ വി.കെ. അയ്യപ്പൻ നിർവഹിച്ചു. ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് പി. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, വാർഡ് മെംബർ ഐശ്വര്യ ഉണ്ണി, അസി.കമ്മിഷണർ കെ.കെ. കല, ദേവസ്വം ഓഫീസർ വി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഉപദേശക സമിതി സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ മൂർക്കനാട്ട് നന്ദിയും പറഞ്ഞു. അന്നദാനം, മച്ചാട് രഞ്ജിത്തിന്റെ നേതൃത്വത്തിൽ പാണ്ടിമേളം, സംഗീത് ചാക്യാരുടെ ചാക്യാർകൂത്ത് എന്നിവയും ഉണ്ടായിരുന്നു.