വെള്ളിക്കുളങ്ങര : ഓണസമ്മാനമായി നിർദ്ധന കുടുംബത്തിന് കെ.എസ്.ഇ.ബി ജീവനക്കാരുടെ വക സൗജന്യ വയറിംഗ്. കൊടുങ്ങ ചീരക്കാട് തൊട്ടിയിൽ പരേതനായ മൊയ്ദീന്റെ ഭാര്യ സുബൈദയുടെ വീടാണ് കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ ജീവനക്കാർ ചേർന്ന് വയറിംഗ് നടത്തിക്കൊടുത്തത്. ജൂൺ മാസത്തിൽ ഉണ്ടായ ഇടിമിന്നലിൽ ഇവരുടെ വീട്ടിലെ വയറിംഗ് മുഴുവൻ കത്തി നശിച്ചിരുന്നു. കാൻസർ ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന മകന്റെ ചെലവ് കൂടി ഉള്ളതിനാൽ, സാമ്പത്തിക ബാദ്ധ്യത മൂലം വീട് വീണ്ടും വയറിംഗ് നടത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ വെള്ളിക്കുളങ്ങരയിലെ കെ.എസ്.ഇ.ബി ജീവനക്കാർ ഇവർക്ക് സൗജന്യമായി വയറിംഗ് നടത്തി കൊടുത്തു.