ddddപൊട്ടിയ പൈപ്പ് ശരിയാക്കുന്ന പള്ളത്തി രജീഷ്.

അന്തിക്കാട്: ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്ന വിവരം അറിയിച്ചിട്ടും അധികൃതർ ഇടപെടാത്തതിനെ തുടർന്ന് പ്രദേശവാസികളായ അച്ഛനും മകനും ഇടപെട്ട് കുടിവെള്ള ചോർച്ച തടഞ്ഞു. അന്തിക്കാട് കല്ലിട വഴിയിൽ പുതുതായി നിർമ്മിച്ച പാലത്തിനോട് ചേർന്നുള്ള കണക്ഷൻ പൈപ്പ് പൊട്ടിയാണ് കുടിവെള്ളം കനാലിലേക്ക് ഒഴുകിയത്. ബന്ധപ്പെട്ടവരോട് പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്ന് സമീപവാസികളായ പള്ളത്തി വാസുവും, മകൻ രജീഷും ചേർന്ന് താത്കാലികമായി മറ്റൊരു പൈപ്പ് കൂട്ടിച്ചേർത്ത് ചോർച്ച തടയുകയായിരുന്നു. സമീപ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത് വേദനാജനകമാണെന്ന് നാട്ടുകാർ പറഞ്ഞു. അന്തിക്കാട് ജുമാ മസ്ജിദിന് സമീപത്തെ പ്രധാന റോഡിലും പൈപ്പ് പൊട്ടി സമാന സ്ഥിതിയാണുള്ളത്.