പാവറട്ടി: ചൊവ്വല്ലൂർപ്പടി- ചിറ്റാട്ടുകര റോഡിൽ സെപ്റ്റിക് മാലിന്യം തള്ളുന്നതിനെതിരെ പരാതി നൽകി അഞ്ച് ദിവസം കഴിയുന്നതിനു മുമ്പേ വീണ്ടും മാലിന്യം തള്ളി ശുചിമുറി മാലിന്യ മാഫിയ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇതിനെതിരെ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറി പ്രവർത്തകർ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലും ഗുരുവായൂർ നഗരസഭയിലും എളവള്ളി പഞ്ചായത്തിലും പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതി പറയാൻ ചെന്ന പ്രവർത്തകരോട് പ്രതികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും ദേവസൂര്യ പ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്. മുമ്പ് പാല ബസാർ പരിസരത്താണ് തള്ളിയതെങ്കിൽ ഇപ്പോൾ എളവള്ളി പഞ്ചായത്തിൽപ്പെട്ട ബ്രഹ്മകുളം റെയിൽവേ ഗെയിറ്റിനോടു ചേർന്നാണ്. ചൊവല്ലൂർപ്പടി- ചിറ്റാട്ടുകര റോഡിനിരുവശത്തും മാലിന്യം തള്ളുന്നവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ദേവസൂര്യ പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.