
കാഞ്ഞാണി : മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ താമസസൗകര്യം ലഭിച്ച അമ്മയും മകനും ആത്മഹത്യാ വക്കിൽ. കാരമുക്ക് സ്വദേശിയും 12ാംവാർഡ് വടക്കേടത്ത് വീട്ടിൽ രാജേശ്വരിയും മകനും ഗുരുവായൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയിരുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതോടെ റവന്യൂവകുപ്പും മണലൂർ പഞ്ചായത്തും ഏറ്റെടുത്ത് താത്കാലിക താമസസൗകര്യം കണ്ടശ്ശാംകടവ് മാമ്പുള്ളി റോഡിൽ സ്വകാര്യവ്യക്തിയുടെ ഫ്‌ളാറ്റിൽ നൽകിയിരുന്നു. എന്നാൽ ആറ് വർഷമായി വാടക ലഭിക്കാത്തതിനാൽ ഉടമ പുറത്തിറക്കി വിടുമെന്ന ആശങ്കയിലാണ് രാജേശ്വരിയും മകനും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നൽകിയിരുന്ന ധനസഹായവും നിറുത്തലാക്കി. ഫ്‌ളാറ്റ് ഉടമ ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അമ്മയുടെയും മകന്റെയും ദയനീയ കഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അന്തിക്കാട് ബ്ലോക്ക്പഞ്ചായത്ത് മുൻപ്രസിഡന്റ് ശ്രീദേവിയുടെ ശ്രദ്ധയിൽപെട്ടതോടെ രാജേശ്വരിക്കും മകനും ചാഴൂർ ബ്ലോക്കിന്റെ അധീനതയിലൂള്ള ഭൂമിയിൽ വീടൊരുക്കാൻ സന്നദ്ധപ്രകടിപ്പിച്ച് സമ്മതപത്രം കളക്ടറുടെ ഓഫിസിൽ കൈമാറിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും നടപടിയായിട്ടുമില്ല. ആറ് വർഷമായി താമസിക്കുന്നതിനിടെ ഫ്‌ളാറ്റ് ഉടമ രാജേശ്വരിയെയും മകനെയും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി പരാതികൾ നൽകുകയാണ്. പത്താംക്ലാസ് പാസായെങ്കിലും പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ഈ അമ്മയും മകനും.
ഫ്‌ളാറ്റ് ഒഴിയണമെന്ന് പറഞ്ഞ് ഉടമ പലയിടത്തേക്കും പരാതികൊടുക്കുന്നുണ്ട്. വീടൊരുക്കി തരാം എന്ന് പറയുകയല്ലാതെ ആരും തന്നിട്ടില്ല. ഇവിടെ നിന്ന് ഇറങ്ങേണ്ടിവന്നാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്.
രാജേശ്വരി
വാടക കുടിശ്ശിക ആരും തരുന്നില്ല. ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും യാതൊരു മറുപടിയുമില്ല
ജോണി ജോസ്
ഫ്‌ളാറ്റ് ഉടമ.