1
നാ​ളേ​ക്കി​ത് ​മ​തി​യോ​...? ​അ​ത്ത​ത്തി​ന് ​പൂ​ക്കളം ​ഒ​രു​ക്കു​ന്ന​തി​നാ​യി തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ഒ​രു​ക്കി​യ​ ​സ്റ്റാ​ളി​ൽ​ ​നി​ന്നും​ ​പൂ​ക്കൾ വാ​ങ്ങിപ്പോ​കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി. ഫോട്ടോ: റാഫി എം. ദേവസി

തൃശൂർ: ഇന്ന് അത്തം, വീട്ടുമുറ്റങ്ങളിൽ ഇന്ന് മുതൽ പത്ത് നാൾ പൂക്കളങ്ങൾ നിറയും. പൂവിപണിയിൽ തിരക്ക് തുടങ്ങി. വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുര നടയിലെ താത്കാലിക സ്റ്റാളുകളിലും പൂക്കടകളിലും ഇന്നലെ രാവിലെ മുതൽ തിരക്ക് തുടങ്ങി.

ഇന്നലെ പുലർച്ചെ തന്നെ തമിഴ്നാട്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുമായുള്ള വാഹനങ്ങൾ തൃശൂരിലെത്തി. നാലുതരം പൂക്കൾ അടങ്ങിയ കിറ്റിന് അമ്പത് രൂപയാണ് വില. അറുപത് ടണ്ണോളം പൂക്കളാണ് ഇന്നലെ തൃശൂരിൽ എത്തിയത്. ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, ജമന്തി, അരളി എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിയത്.

ജമന്തിക്ക് കിലോവിന് 300 മുതൽ 350 രൂപ വരെ വിലയുണ്ട്. ചെണ്ടു മല്ലിക്ക് നൂറു മുതൽ 150 രൂപ വരെയാണ് ചില്ലറ വിൽപ്പന. അലറിക്ക് 250 രൂപ മുതൽ വിലയുണ്ട്.
നാളെ വിനായക ചതുർത്ഥി കൂടിയായതോടെ പൂവിന് തിരക്കേറും. കോളേജുകളിലും സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പൂക്കളമത്സരങ്ങളും അടുത്ത ദിവസങ്ങളിൽ നടക്കും. സെപ്തംബർ രണ്ട് മുതലാണ് സ്‌കൂളുകൾക്ക് ഓണാവധി. ഇന്ന് തേക്കിൻക്കാട് മൈതാനിയിൽ തെക്കെഗോപുര നടയിൽ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഭീമൻ പൂക്കളവും വിടരും.


ഓണവിപണി കീഴടക്കാൻ കുടുംബശ്രീയും

ഓണവിപണി കീഴടക്കാൻ വൈവിദ്ധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കുടുംബശ്രീയും. ജില്ലയിലെ 100 സി.ഡി.എസുകളിൽ സംഘടിപ്പിക്കുന്ന ഓണവിപണന മേളകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഘോഷിക്കാം ഈ ഓണക്കാലം തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉത്പന്നങ്ങളോടൊപ്പം എന്ന ആപ്തവാക്യത്തിലൂന്നിയാണ് കുടുംബശ്രീ വിപണന മേളകൾ സംഘടിപ്പിക്കുന്നത്. സി.ഡി.എസുകളിൽ നടത്തുന്ന ഓണവിപണന മേളകൾക്കുപുറമെ ജില്ലാ കളക്‌ടറേറ്റ് അങ്കണത്തിലും പാട്ടുരായ്ക്കലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിലും മേള ഉണ്ടായിരിക്കും. 29 മുതൽ സെപ്തംബർ 7 വരെയാണ് മേള.