പാലപ്പിള്ളി: ആദിവാസി വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചതോടെ എച്ചിപ്പാറ പ്രദേശത്ത് ജനങ്ങൾ ഭീതിയിലായി. ഒരു മാസം മുമ്പ് വനത്തിൽ വച്ച് പാറുവിന്റെ മുഖം കടിച്ച് പൊളിച്ച പട്ടി ആദിവാസികൾക്കൊപ്പം എച്ചിപ്പാറയിലും എത്തിയിരുന്നു. ചിമ്മിനിയിലെ ട്രൈബൽ വാച്ചർ, അനീഷിന്റെ പട്ടിയെ ഈ പട്ടി കടിച്ചിരുന്നു. അനിഷിന്റെ പട്ടി ഇവിടെ ഒട്ടേറെ പട്ടികളെയും പശുക്കളെയും കടിച്ചു. ഒരു പട്ടിയെ ഒരാഴ്ച മുമ്പ് നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്നറിയാൻ വെറ്ററിനറി കോളജിൽ എത്തിച്ചിരുന്നു. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പറയുന്നു. പട്ടി കടിയേറ്റ പശുക്കളുടെ പാൽ നാട്ടുകാർ ഉപയോഗിച്ചിരുന്നു. കടിയേറ്റ പശുക്കളെ പരിചരിക്കുന്നവർക്ക് ഇന്നലെ പേ പ്രതിരോധ വാക്‌സിന് നൽകി. പാറുവിനെ കടിച്ച പട്ടിയെ കാണാതായതും ഭീതി വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം എട്ടിന് രാത്രിയാണ് പാറുവിന് പട്ടി കടിയേറ്റത്. ചുണ്ടിലും മുഖത്തും പട്ടി കടിച്ച് പൊളിച്ചെങ്കിലും മൂന്നാം ദിവസമാണ് പാറുവും സംഘവും വനത്തിൽ നിന്നെത്തിയത്. വനത്തിൽ വീണ് പൊട്ടിയതാണെന്ന് പറഞ്ഞാണ് ചികിത്സ തേടിയത്. പത്ത് ദിവസം കഴിഞ്ഞ് ഡിസ്‌പെൻസറിയിൽ എത്തി തുന്നൽ എടുത്തു. മുറിവ് ഉണങ്ങാതായതോടെയാണ് വീണ്ടും ചികിത്സ തേടിയത്.
എച്ചിപ്പാറയിൽ എത്തുന്ന ആദിവാസികൾ ഇവർ ശേഖരിച്ച വനവിഭവങ്ങൾ തൃശൂരിലും മറ്റും വിൽപ്പന നടത്തിയശേഷം വീണ്ടും വനത്തിൽ പോവും. ഇവർ വനവിഭവങ്ങൾ വിൽപ്പന നടത്തിവരുന്നതുവരെ ഇവരുടെ പട്ടികൾ എച്ചിപ്പാറയിൽ മറ്റു തെരുവുനായ്ക്കക്കെപ്പം കഴിയും. ഇവർ വനത്തിലേക്ക് മടങ്ങുമ്പോൾ നായ്ക്കളെയും കൂട്ടും. മിക്കവാറും ഡാം റിസർവോയറിലൂടെ ചങ്ങാടത്തിലാവും യാത്ര. പാറുവിനെ കടിച്ച പട്ടിയെ ഇപ്പോൾ കാണാനില്ലെന്ന് പറയുന്നു. പാറുവിനെ കടിക്കുമ്പോഴും വനവിഭവങ്ങളുമായി നാട്ടിൽ എത്തിയപ്പോഴും പട്ടിക്ക് പേയുടെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് പറയുന്നത്.
ആദിവാസികൾക്കൊപ്പം എന്നും പട്ടികൾ
വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്കൊപ്പം ഇവരുടെ ഒന്നോ രണ്ടോ പട്ടികൾ ഉണ്ടാകും. പലപ്പോഴും വന്യമൃഗങ്ങളിൽ നിന്നും ഇവർക്ക് സംരക്ഷണം നൽകുന്നത് ഈ പട്ടികളാണ്. രാത്രിയിൽ ഉറങ്ങുന്ന ആദിവാസികൾക്ക് കാവലും ഇവരുടെ പട്ടികളാണ്. രാത്രിയിൽ അറിയാതെ ചവുട്ടി പട്ടിയുടെ ദേഹത്തു കൂടി വീണതാണ് പാറുവിന്റെ മുഖത്ത് കടിയേൽക്കാനിടയാക്കിയത്.