ചാലക്കുടി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മുനിസിപ്പൽ ജംഗ്ഷനിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഇതോടെ ഇവിടുത്തെ ഗതാഗത പ്രശ്‌നവും അടിപ്പാത നിർമ്മാണത്തിന്റെ ദുരവസ്ഥയും വീണ്ടും ചർച്ചയാകുന്നു. 2018 മാർച്ചിൽ നിർമ്മാണം ആരംഭിച്ച മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയുടെ നിർമ്മാണമാണ് ഇപ്പോഴും 20 ശതമാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത്. അന്നത്തെ 16 കോടി രൂപ എന്ന എസ്റ്റിമേറ്റിന് മാത്രം ഉയർച്ചയുണ്ടായി. മൂന്നാമത്തെ പുതുക്കിയ തുക അറുപത് കോടിയിലെത്തിയിട്ടുണ്ട്. നിലവിലെ കരാർ കമ്പനിയായ ജി.ഐ.പി.എല്ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയപാത അതോറിറ്റി പുതിയ ടെണ്ടർ ക്ഷണിക്കുകയും ചെയ്തു. സെപ്തംബർ 21നാണ് അവസന തിയതി.
പാലിയേക്കര ടോൾ പ്ലാസയും നടത്തിപ്പും അങ്കമാലി-മണ്ണുത്തി ദേശീയപാതയുടെ നിർമ്മാണവുമെല്ലാം രണ്ട് കമ്പനികളുടെ പേരിലാണെങ്കിലും ഇതിന്റെ അണിയറ ശിൽപ്പികൾ ഉത്തരേന്ത്യൻ ലോബിയാണെന്നുള്ളതാണ് വസ്തുത. ഇവർ തന്നെ മറ്റൊരു പേരിൽ ടെണ്ടർ ഏറ്റെടുത്താൽ പിന്നെ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ കരിമ്പട്ടികയിൽപ്പെടുത്തിയ ജി.ഐ.പി.എല്ലിനെ ഒഴിവാക്കുന്നത് പറയുംപോലെ അനായാസമല്ല. നിലവിലെ കരാർ പ്രകാരം ഇനിയും ഇവർക്ക് നിർമ്മാണം നടത്തുവാൻ ത്രാണിയുണ്ടോ എന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ രേഖാമൂലം അനേഷിക്കണം. ഇല്ലെങ്കിൽ ഇവരുടെ സമ്മതോടെ മറ്റു ഏജൻസിയെ നിർമ്മാണം ഏൽപ്പിക്കണം. അല്ലെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം. എസ്റ്റിമേറ്റ് തുക 60 കോടി രൂപയിലെത്തിയിരിക്കെ തത്ക്കാലം അവർ അത്തരം നിലപാട് സ്വീകരിക്കാനിടയില്ല. പകരം നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന മറ്റൊരു കരാർ കമ്പനി ഉദയം ചെയ്യാനാണ് സാദ്ധ്യത.
അടിപ്പാത നിർമ്മാണത്തിന്റെ കഥ ഇങ്ങനെ
അടിപ്പാത നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് രാഷ്ട്രീയ പാർട്ടികൾ നിരവധി സമരങ്ങൾ നടത്തുകയും അവരെല്ലാം എതിർച്ചേരിക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ഇപ്പോൾ എൽ.ഡി.എഫ് ആണ് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ നിഷേധ നിലപാടാണ് അടിപ്പാത നിർമ്മാണം മുടന്തുന്നതെന്നും സ്ഥലം എം.പി ഇതിനുവേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിയില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ യു.ഡി.എഫ് നടത്തിയ സമരത്തിൽ അന്നത്തെ സി.പി.എം എം.എൽ.എയെ ഇതിന് പഴിച്ചിരുന്നു.