ചാലക്കുടി: മഞ്ഞക്കൊടിയുമേന്തി ഗുരുദേവ മന്ത്രങ്ങൾ ഉരുവിടാൻ ഇനി വത്സല ചേച്ചിയില്ല. സാമുദായിക പ്രവർത്തനങ്ങനങ്ങളും ആഘോഷങ്ങളുമില്ലാത്ത ലോകത്തേക്ക് ചേക്കേറുമ്പോൾ അവരുടെ സ്മരണകൾ എക്കാലത്തും കൊരട്ടിയിൽ നിറഞ്ഞു നിൽക്കും. ഇക്കാലമത്രയും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് ഓടി നടന്ന ഇവർ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കാണ് ജീവിതം ഉഴിഞ്ഞുവച്ചത്. 1982 ൽ ഖന്നാ നഗറിൽ എസ്.എൻ.ഡി.പി ശാഖ രൂപീകരിച്ചതു മുതൽ വൈസ് പ്രസിഡന്റായിരുന്ന ചേച്ചിയോട് ഉപദേശം കേൾക്കാതെ ഇവിടെ ഒരു തീരുമാനവുമുണ്ടായില്ല. ചതയത്തിനും സമാധി ദിനത്തിനും അന്നദാനത്തിനായി ഇവർ എല്ലാ സഹായങ്ങളും ചെയ്തുവന്നു. വീട്ടിൽ വിശ്രമത്തിത്തിലായിരുന്ന എൺപത്തിയെട്ടുകാരി ഇക്കുറിയും ചതയദിനത്തിലെ ഭക്ഷണത്തിന് നല്ലൊരു തുക വാഗ്ദ്ധാനം ചെയ്തിരുന്നു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായ പേരാമ്പ്ര ആശ്രമം, ചാലക്കുടി ഗായത്രി ആശ്രമം എന്നിവിടങ്ങളിലെ എല്ലാ വിശേഷങ്ങളിലും സ്ഥിരമായി പങ്കെടുത്തു. ശിവഗിരി സന്ദർശനവും ജീവിത വ്രതമാക്കി. എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തനങ്ങളിലും ചേച്ചി സജീവ സാന്നിദ്ധ്യമായി. 1980ൽ ശിവഗിരിയിൽ പ്രതിഷ്ഠിക്കുന്നതിന് കുന്നംകുളത്ത് നിന്നും കൊണ്ടുപോയ ഗുരുദേവ പ്രതിമയുടെ കൊരട്ടിയിലെ സ്വീകരണത്തിന് ഇവരായിരുന്നു മുൻനിരയിൽ. ഗുരുദേവ കൃതികളും പ്രമുഖരുടെ ലേഖനങ്ങളും ഹൃദ്യസ്ഥമാക്കുന്നതിന് പ്രത്യേക മികവുമുണ്ടായി. കേരള കൗമുദിയുടെ സന്തത സഹചാരിയുമായി. കൗമുദിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ചൂടപ്പം പോലെ വാങ്ങുമായിരുന്ന വത്സല ചേച്ചി പത്ര പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതും ഗതകാലത്തിന്റെ ആർദ്രമായ ഓർമ്മകൾ. കൊരട്ടി വൈഗൈ ത്രെഡ്‌സ് കമ്പനിയിൽ സൂപ്പർവൈസറായിക്കുമ്പോഴും സംഘടനാ പ്രവർത്തനങ്ങളെ താരാട്ടുപാടി. നൂറുകണക്കിന് ശ്രീനാരായണീയരുടെ നെഞ്ചിൽ ഒരിക്കലും അടങ്ങാത്ത നീറ്റലുമായാണ് ഈ എൺപത്തിയെട്ടുകാരി കാലയവനികയിലേക്ക് മറഞ്ഞത്.