ganesh

തൃശൂർ: പ്‌ളാസ്റ്റർ ഒഫ് പാരീസിലുള്ള ഗണേശ വിഗ്രഹത്തിലെ രാസവസ്തുക്കൾ പുഴയെ മലിനപ്പെടുത്തുന്നത് ശരിയാണോ?. ഏഴുകൊല്ലം മുമ്പ് വീട്ടിലെ വിനായക ചതുർത്ഥി ആഘോഷത്തിന് ശേഷം വിഗ്രഹം പുഴയിലൊഴുക്കുമ്പോൾ പത്തുവയസുകാരൻ പൂങ്കുന്നം ക്യാപിറ്റൽ റസിഡൻസിയിൽ ഹരീഷിന്റെ മനസിലുയർന്ന ചോദ്യമാണിത്. അന്വേഷിച്ചെങ്കിലും പ്‌ളാസ്റ്റർ ഒഫ് പാരീസിൽ അല്ലാത്തവ കിട്ടാനില്ല. തുടർന്ന് കളിമണ്ണിൽ വിഗ്രഹങ്ങളുണ്ടാക്കി. അത് കിട്ടാതായപ്പോൾ പഴയ പത്രക്കടലാസുകളിൽ ഒന്നും രണ്ടും അടി ഉയരമുള്ളവ ഉണ്ടാക്കിത്തുടങ്ങി.

ചെറുപ്പം മുതലുള്ള ചിത്രംവര തുണയായി. ഇത്തവണ പത്രക്കടലാസ് കൊണ്ട് അഞ്ചടിയിൽ ഗണേശവിഗ്രഹം ഉണ്ടാക്കിയിരിക്കുകയാണ് പ്‌ളസ് ടു വിദ്യാർത്ഥി ഹരീഷ്. രാസവസ്തുക്കളുള്ള നിറങ്ങൾക്ക് പകരം വാട്ടർകളറും മലിനീകരണമുണ്ടാക്കാത്ത, കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേകതരം തുണിയുമാണ് ഉപയോഗിക്കുന്നത്. പിന്തുണയുമായി അയൽവാസികൾ പഴയ പത്രങ്ങൾ നൽകും. ഓൺലൈനിലും നേരിട്ടും ആവശ്യപ്പെടുന്നവർക്ക് ഉണ്ടാക്കിക്കൊടുക്കും. നിർമ്മാണച്ചെലവും ചെറിയ പണിക്കൂലിയും മാത്രമേ വാങ്ങൂ. പ്‌ളാസ്റ്റർ ഒഫ് പാരീസ് വിഗ്രഹങ്ങളേക്കാൾ വളരെ വില കുറച്ചാണ് വിൽപ്പന.
വീട്ടിൽ വയ്ക്കാനാണ് ആദ്യം വിഗ്രഹമുണ്ടാക്കിയത്. അയൽവാസികളിൽ ചിലർ അതിന്റെ വീഡിയോ ഫേസ്ബുക്കിലിട്ടു. അത് കണ്ട പലരും ആവശ്യപ്പെട്ടപ്പോഴാണ് വിൽപ്പന തുടങ്ങിയത്. വർഷത്തിൽ ശരാശരി 25 എണ്ണം ഉണ്ടാക്കും. മൂന്ന് മാസം മുമ്പ് ദുബായിലേക്ക് അഞ്ചെണ്ണം അയച്ചു. പാലക്കാട് നെന്മാറ പഴയഗ്രാമം ഗണേശോത്സവക്കമ്മിറ്റിക്കായി നിർമ്മിച്ച അഞ്ചടിവിഗ്രഹം 3,000 രൂപയ്ക്കാണ് വിറ്റത്.
കോയമ്പത്തൂരിൽ അന്വേഷിച്ച് കിട്ടാതായപ്പോഴാണ് അവർ ഫെയ്‌സ്ബുക്ക് വഴി അറിഞ്ഞ് ഹരീഷുമായി ബന്ധപ്പെട്ടത്. രണ്ട് മുതൽ അഞ്ചടി വരെയുള്ളവയുടെ നിർമ്മാണത്തിന് മൂന്നു മുതൽ അഞ്ച് ദിവസം വരെ വേണം. മൃദംഗവും കീബോർഡും വായിക്കാറുള്ള ഹരീഷ് ഗായകനുമാണ്. മ്യൂറൽ പെയിന്റിംഗും അറിയാം. മൃദംഗവിദ്വാൻ തൃശൂർ എച്ച്. ഗണേഷാണ് പിതാവ്. അമ്മ ജ്യോതി. രണ്ടാംക്‌ളാസുകാരി ശ്രുതികൃഷ്ണയാണ് സഹോദരി.

ഗണേശവിഗ്രഹ വില (അടിക്ക്)

പ്‌ളാസ്റ്റർ ഒഫ് പാരിസ് 1,200 - 3,000

ഹരീഷ് ഈടാക്കുന്നത്

ഒരടി വിഗ്രഹത്തിന് 500
രണ്ടടിക്ക് 1,000
അഞ്ചടിക്ക് 3,000

മാതാപിതാക്കളുടെയും ഹരിശ്രീ സ്‌കൂളിലെ പ്രസാദ് മാസ്റ്ററുടെയും പിന്തുണയുണ്ട്. പാരിസ്ഥിതികാവബോധം ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷണം.

ഹരീഷ്.